ആണ്‍കുട്ടികളെ പുരുഷന്മാരാകാന്‍ പഠിപ്പിക്കണമെന്ന് മലാല യൂസഫ്സായ്

ആണ്‍കുട്ടികളെ പുരുഷന്മാരാകാന്‍ പഠിപ്പിക്കണമെന്ന് നൊബേല്‍ സമ്മാനജേതാവ് മലാല യൂസഫ്സായ്. ദാവോസില്‍ നടക്കുന്ന വേള്‍ഡ് ഇക്കണോമിക്ക് ഫോറത്തില്‍ സംസാരിക്കുകയായിരുന്നു മലാല. സ്ത്രീകളുടെ അവകാശങ്ങള്‍ സംബന്ധിച്ച പ്രശ്നങ്ങള്‍ ഇന്നത്തെ ചെറുപ്പക്കാര്‍ക്ക് മനസിലാക്കിക്കൊടുക്കണമെന്നും മലാല പറഞ്ഞു.

‘നമ്മള്‍ ഫെമിനിസത്തേയും സ്ത്രീകളുടെ അവകാശങ്ങളേയും പറ്റി പറയുമ്പോള്‍ യഥാര്‍ത്ഥത്തില്‍ നമ്മള്‍ പുരുഷന്മാരെയാണ് അഭിസംബോധന ചെയ്യുന്നത്. ഈ വിഷയങ്ങളില്‍ പുരുഷന്മാര്‍ക്ക് വലിയ പ്രാധാന്യമുണ്ട്. ആണ്‍കുട്ടികളെ പുരുഷന്മാരാക്കാന്‍ പഠിപ്പിക്കണം. അത്തരം വിദ്യാഭ്യാസം ലിംഗവിവേചനം അവസാനിപ്പിക്കുന്നതിലേക്കുള്ള നിര്‍ണ്ണായക ചുവടുവെയ്പ്പായിരിക്കും. ചുറ്റുമുള്ള സ്ത്രീകളുള്‍പ്പെടെയുള്ള എല്ലാവര്‍ക്കും തുല്യമായ അവകാശങ്ങളുണ്ടെന്നും നിങ്ങളും ഈ മുന്നേറ്റത്തിന്റെ ഭാഗമാണെന്ന് തിരിച്ചറിഞ്ഞാല്‍ മാത്രമേ പുരുഷനാകാന്‍ കഴിയൂ’ മലാല പറഞ്ഞു.

വിദ്യാഭ്യാസം ലഭിച്ചാല്‍ സ്ത്രീകള്‍ ശാക്തീകരിക്കപ്പെടുമെന്ന് താലിബാന് അറിയാം. അതുകൊണ്ടാണ് അവര്‍ പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോകുന്നത് തടയുന്നത്. സ്ത്രീകള്‍ പുരുഷന്മാര്‍ക്ക് തുല്യരായി കാണാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല. സമൂഹത്തെ വെല്ലുവിളിച്ച് തന്നെ സ്‌കൂളിലയച്ച പിതാവാണ് തന്റെ മാതൃകാപുരുഷനെന്നും മലാല പറഞ്ഞു.

error: Content is protected !!