നടിയെ ആക്രമിച്ച കേസ് വഴിത്തിരിവിലേക്ക്

നടിയെ ആക്രമിച്ച കേസ് വഴിത്തിരിവിലേക്ക്. കുറ്റപത്രം ചോര്‍ന്നതിനെക്കുറിച്ച് അന്വേഷണം വേണമെന്ന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി. ദിലീപിന്‍റെ പരാതിയിലാണ് കോടതിയുത്തരവ്. കേസിലെ കുറ്റപത്രം പരിഗണിക്കുന്നതിന് മുന്‍പ് പൊലീസ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കി എന്നായിരുന്നു പ്രതിയായ ദിലീപിന്റെ പരാതി. പൊലീസ് കുറ്റപ്ത്രം ചോര്‍ത്തിയതില്‍ ഗൂഢാലോചനയുണ്ടെന്നും ദിലീപ് ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടത്.

എന്നാല്‍ പൊലീസ് കുറ്റപത്രം ചോര്‍ത്തി നല്‍കിയെന്ന വാദം പ്രോസിക്യൂഷന്‍ നിഷേധിച്ചു. കുറ്റപത്രത്തിന്റെ പകര്‍പ്പ് എടുക്കാനായി നല്‍കിയ ഫോട്ടോസ്റ്റാറ്റ് കടയില്‍ നിന്നോ പ്രതികളില്‍ നിന്നോ ആയിരിക്കാം കുറ്റപത്രം ചോര്‍ന്നതെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്.

അതേസമയം, കുറ്റപത്രത്തോടൊപ്പം തെളിവുകളോ മറ്റു രേഖകളോ ആക്രമിച്ചതിന്റെ ദൃശ്യങ്ങളോ നല്‍കിയില്ലെന്നും ഇത് ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് രണ്ട് ഹരജികള്‍ കൂടി ദിലീപ് സമര്‍പ്പിച്ചിരുന്നു. ഇക്കാര്യത്തില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സമയം വേണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കേസ് 22ലേക്ക് മാറ്റി.

error: Content is protected !!