ഇന്ന് അറുപത്തിയൊമ്പതാമത് റിപ്പബ്ലിക് ദിനം

കനത്ത സുരക്ഷയിൽ രാജ്യം ഇന്ന് അറുപത്തിയൊമ്പതാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കും. പത്ത് ആസിയാൻ രാഷ്ട്രത്തലവൻമാരാണ് ഇത്തവണ അതിഥികൾ. നാലു വര്‍ഷത്തിനു ശേഷം പരേ‍ഡിൽ കേരളത്തിനും പ്രാതിനിധ്യമുണ്ട്

ആസിയാൻ രാഷ്ട്രത്തലന്മാര്‍ക്കു നേരെ ഭീകരാക്രമണമുണ്ടാകാനിടയുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ മുന്നറിയിപ്പ്. സുരക്ഷയുടെ ഭാഗമായി ദില്ലി ഇന്ധിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് രാവിലെ പത്തരയ്ക്കും പന്ത്രണ്ടേ കാലിനും ഇടയിൽ വിമാനസര്‍വ്വീസ് നിരോധിച്ചു. മെട്രോ സർവീസുകൾക്കും നിയന്ത്രണമുണ്ട്. അതിര്‍ത്തി സംസ്ഥാനങ്ങളിലും സുരക്ഷ ശക്തമാക്കി.

23 ദൃശ്യങ്ങൾ ഇത്തവണ റിപ്പബ്ലിക് ദിന പരേഡിൽ അണിനിരക്കും. ഓച്ചിറ കെട്ടുകാഴ്ച്ചയുമായാണ് കേരളമെത്തുന്നത്. സംസ്ഥാനങ്ങുടേത് കൂടാതെ കേന്ദ്രസര്‍ക്കാരിന്‍റെ വിവിധ മന്ത്രാലയങ്ങളുടെ കലാപ്രകടനങ്ങളും പരേഡിലുണ്ട്. ബിഎസ്എഫ് വനിതാ വിഭാഗത്തിന്‍റെ ബൈക്ക് അഭ്യാസം ഇത്തവണയുണ്ടാകും.

20 വര്‍ഷത്തിന് ശേഷം ഇൻഡോ ടിബറ്റൻ ബോര്‍ഡര്‍ പൊലീസും മൻ കി ബാത്തുമായി ഓൾ ഇന്ത്യ റേഡിയോയും ദൃശ്യ വിരുന്നൊരുക്കും. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയ്ക്ക് റിപ്പബ്ലിക് ദിന പരേഡ് കാണാൻ നാലാം നിരയിൽ ഇരിപ്പിടം അനുവദിച്ചത് വിവാദമായി. ബിജെപി രാഹുലിനെ അപമാനിച്ചുവെന്നായിരുന്നു കോൺഗ്രസിന്‍റെ വിമര്‍ശനം.

error: Content is protected !!