ശബരിമല: പ്രകോപനമുണ്ടാക്കിയാല്‍ മുസ്ലീം പള്ളികളിലേക്ക് സ്ത്രീകളെ കയറ്റുമെന്ന് ഭീഷണിയുമായി തീവ്രഹിന്ദുസംഘടന

ശബരിമലയിലേക്ക് യുവതികൾ എത്തിയാൽ മുസ്ലിം പള്ളികളികളിലെ പ്രാർഥനാലയത്തിൽ ഹിന്ദു മക്കൾ കക്ഷിസംഘടനയിലെ യുവതികൾ പ്രവേശിക്കുമെന്ന് പ്രസിഡന്റ് അർജുൻ സമ്പത്ത്. 50 വയസിന് താഴെയുള്ള സ്ത്രീകളെ ശബരിമലയിൽ എത്തിക്കാൻ നീക്കമെന്ന വാർത്ത തെറ്റെന്നും അർജുൻ സമ്പത്ത് വ്യക്തമാക്കി. ഡിസംബര്‍ 16 ന് കരുണാനിധിയുടെ പ്രതിമാ അനാച്ഛാദന ചടങ്ങിൽ പങ്കെടുക്കാൻ തമിഴ്നാട്ടില്‍ എത്തുന്ന കേരളാ മുഖ്യമന്ത്രി പിണറായി വിജയനെ സംഘടനയിലെ സ്ത്രീകളുടെ നേതൃത്വത്തിൽ തടയുമെന്നും അർജുൻ സമ്പത്ത് അറിയിച്ചു.

അതേസമയം ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് വിവാദമുണ്ടാക്കാൻ തീവ്രഹിന്ദുസംഘടനകൾ ശ്രമിച്ചേക്കുമെന്ന് പൊലീസിന്‍റെ രഹസ്യാന്വേഷണ റിപ്പോർട്ടുണ്ട്. തമിഴ്നാട്ടിൽ നിന്നുള്ള ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിൽ ഇതിന് ശ്രമം നടക്കുന്നതായാണ് സൂചന ലഭിച്ചിരിക്കുന്നത്. ആദ്യഘട്ടത്തിൽ 50 വയസ്സ് തികയാത്ത 40 സ്ത്രീകളെ എരുമേലി വാവര് പള്ളിയിൽ എത്തിക്കാനാണ് നീക്കം.

വാവര് പള്ളിയിൽ സ്ത്രീകൾ പ്രവേശിക്കുന്നതിന് വിലക്കില്ലെങ്കിലും പ്രാർത്ഥനാലയത്തിൽ കടന്ന് പ്രതിഷേധിക്കുകയാണ് ലക്ഷ്യം. ഇതിലൂടെ മുസ്ലീം പള്ളിയിൽ സ്ത്രീ പ്രവേശനം അനുവദിക്കുന്നില്ലെന്ന ചർച്ച ഉയർത്തി സുപ്രീംകോടതിയെ സമീപിക്കാനാണ് ഹിന്ദുസംഘടനകൾ ലക്ഷ്യമിടുന്നതെന്നും ഇന്‍റലിജൻസ് റിപ്പോ‍ർട്ട് വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിൽ സുരക്ഷ കർശനമാക്കാൻ ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് എഡിജിപി അനിൽകാന്ത് നിർദ്ദേശം നൽകി.

error: Content is protected !!