ബി.ജെ.പിക്കെതിര ബദല്‍ മുന്നണി രൂപികരിക്കാന്‍ ചന്ദ്രബാബു നായിഡു

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ ബി.ജെ.പിക്കെതിര ബദല്‍ മുന്നണി രൂപപ്പെടുമെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. പി.ടി.ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘മോദി സര്‍ക്കാരിന്റെ ഭരണത്തിന് കീഴില്‍ ജനങ്ങള്‍ രോഷാകുലരാണ്. അതുകൊണ്ട് തന്നെ പുതിയതായി രൂപം കൊള്ളുന്ന ബദല്‍ മുന്നണിയെ ജനങ്ങള്‍ സ്വീകരിക്കും.’

‘തിരഞ്ഞെടുപ്പിന് മുന്‍പ് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാതെയിരിക്കുന്നത് കൊണ്ട് എന്തെങ്കിലും പ്രശ്നം ഉണ്ടാകുമെന്ന്  താന്‍ കരുതുന്നില്ല. എല്ലാവര്‍ക്കും പൊതു സമ്മതനായ ആള്‍ പ്രധാനമന്ത്രിയാവുന്നതാണ് നല്ലത്. ഇത് തിരഞ്ഞെടുപ്പിന് ശേഷവും തീരുമാനിക്കാവുന്നതാണ്.’

രാജ്യതാത്പര്യത്തിനായി പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുള്ള എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാവും ബദല്‍ മുന്നണിയെന്നും സഖ്യരൂപീകരണത്തിനായി രാജ്യത്തെ വിവിധ പാര്‍ട്ടികളെ താന്‍ സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. 40 വര്‍ഷമായി താന്‍ രാഷ്ട്രീയത്തിലുണ്ട്. 1995-ല്‍ മുഖ്യമന്ത്രിയായി.എന്‍ഡിഎയിലും യുപിഎയിലും പ്രവര്‍ത്തിച്ചു. അതുകൊണ്ട് ഇവരുടെയെല്ലാം തന്ത്രങ്ങളെല്ലാം താന്‍ ഒരുപാട് കണ്ടിരിക്കുന്നുവെന്നും നായിഡു പറഞ്ഞു.

കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ വിശദാംശങ്ങള്‍ പറയാന്‍ ഇപ്പോള്‍ കഴിയില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. എന്‍.ഡി.എ മുന്നണിയിലായിരുന്ന ചന്ദ്രബാബു നായിഡു ആന്ധ്ര പ്രദേശിന് പ്രത്യേക സംസ്ഥാന പദവി കേന്ദ്ര സര്‍ക്കാര്‍ നിരസിച്ചതിനെ തുടര്‍ന്ന് മുന്നണി വിടുകയായിരുന്നു.

error: Content is protected !!