റഷ്യൻ യുദ്ധഭൂമിയിലേക്ക് മനുഷ്യക്കടത്ത്; റിക്രൂട്ട്മെൻ്റ് സംഘത്തിലെ രണ്ട് പേർ പിടിയിൽ

ജോലി വാ​ഗ്ദാനം ചെയ്ത് റഷ്യയിലേക്ക് ആളുകളെ കടത്തിയ സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശികളാണ് അറസ്റ്റിലായത്. ഡൽഹി സിബിഐ യൂണിറ്റാണ് പ്രതികളെ പിടികൂടിയത്. കഠിനകുളം സ്വദേശികളായ അരുൺ, പ്രിയൻ എന്നിവരാണ് അറസ്റ്റിലായത്. റഷ്യയിലേക്കുള്ള മനുഷ്യക്കടത്തിൽ തിരുവനന്തപുരത്തടക്കം സിബിഐ അന്വേഷണം നടത്തി വരികയായിരുന്നു.

സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ മൂന്ന് മലയാളികൾ അടക്കം 19 പേരാണ് പ്രതിപട്ടികയിലുള്ളത്. നേരത്തെ തിരുവനന്തപുരം, ചെന്നൈ, മുംബൈ, ഡൽഹി അടക്കമുള്ള 13 സംസ്ഥാനങ്ങളിൽ കേസുമായി ബന്ധപ്പെട്ട് സിബിഐ റെയ്ഡ് നടത്തിയിരുന്നു. 50 ലക്ഷം രൂപയും ഇലക്ട്രോണിക് ഉപകരണങ്ങളും റെയ്ഡിൽ പിടിച്ചെടുത്തിരുന്നു. ക്രിമിനൽ ഗൂഢാലോചന, വഞ്ചന, മനുഷ്യക്കടത്ത് ഉൾപ്പെടെയുള്ള വകുപ്പുകൾ ഉൾപ്പെടുത്തിയാണ് സിബിഐ അന്വേഷണം നടക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് നിരവധി യുവാക്കൾ സ്വകാര്യ റിക്രൂട്ടിങ് ഏജന്റുമാർ വഴി റഷ്യയിൽ ചതിയിൽപ്പെട്ടിരുന്നതായി സിബിഐ കണ്ടെത്തിയിരുന്നു.

തട്ടിപ്പിനിരയായ മലയാളികളായ ഡേവിഡ് മുത്തപ്പനും പ്രിൻസ് സെബാസ്റ്റ്യനും കഴിഞ്ഞ മാസം തിരിച്ചെത്തിയിരുന്നു. പ്രിൻസിനൊപ്പം റഷ്യയിലെത്തിയ ടിനു, വിനീത് എന്നിവരെ കണ്ടെത്താനുള്ള ശ്രമവും തുടരുകയാണ്. അഞ്ചുതെങ്ങ്- പൊഴിയൂർ സ്വദേശികളായ പ്രിൻസ് സെബാസ്റ്റ്യൻ, ഡേവിഡ് മുത്തപ്പൻ എന്നിവരെ സെക്യൂരിറ്റി ജോലിക്കെന്ന പേരിലാണ് ഇടനിലക്കാർ കൊണ്ടുപോയത്. മികച്ച ശമ്പളവും ജോലിയും വാഗ്ദാനം നൽകിയായിരുന്നു റഷ്യയിലേക്ക് അയച്ചത്. അതിന് ശേഷം ഇവരിൽ നിന്ന് ചില എഗ്രിമെന്റ് പേപ്പറുകൾ ഒപ്പിട്ട് വാങ്ങിയ ശേഷം മിലിട്ടറി ക്യാമ്പിലേക്ക് കൈമാറുകയും ചെയ്യുകയുമായിരുന്നു.

error: Content is protected !!