വ്യാ‍‍ജ പൊലീസ് ചമഞ്ഞ് പണം തട്ടി; യുവാവ് അറസ്റ്റിൽ

ഷാഡോ പൊലീസ് ചമ‍ഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ. താനൂർ ഒസാൻ കടപ്പുറം ചെറിയമൊയ്ദീങ്കാനത്ത് വീട്ടിൽ സി എം മുഹമ്മദ് റാഫിയെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും പുല്‍പ്പള്ളി പൊലീസും ചേർന്ന് കസ്റ്റഡിയിലെടുത്തത്. പുല്‍പ്പള്ളി താഴെയങ്ങാടിയിലെ ഒരു വ്യാപാര സ്ഥാപനത്തിലെത്തി, ജില്ലാ പൊലീസ് മേധാവിയുടെ സ്‌പെഷ്യൽ സ്ക്വാഡ് അം​ഗമാണെന്ന് ഭീഷണിപ്പെടുത്തി 10,000 രൂപ വാങ്ങിയെന്ന പരാതിയിലാണ് അറസ്റ്റ്.

രണ്ടുദിവസം മുമ്പായിരുന്നു കേസിനാസ്പദമായ സംഭവം. ബിവറേജസ് ഷോപ്പിന് സമീപമുള്ള കടയിലെത്തിയ മുഹമ്മദ് റാഫി, ഇവിടെ അനധികൃത മദ്യവിൽപ്പന നടത്തുന്നുണ്ടെന്നും കട പൂട്ടിക്കുമെന്നും ഭീഷണിപ്പെടുത്തുകയായിരുന്നു. കടയിലുണ്ടായിരുന്ന ജീവനക്കാരനെ വിശ്വസിപ്പിക്കുന്നതിനായി, ഉന്നത പൊലീസ് ഉദ്യോഗസ്ഥനെ വിളിക്കുകയാണെന്ന് പറഞ്ഞ് ഫോണിൽ ലൗഡ് സ്പീക്കറിലിട്ട് സംസാരിക്കുകയും ചെയ്തു.

പുല്‍പ്പള്ളി പൊലീസിനെ കൂട്ടിവന്ന് കട സീൽ ചെയ്യിക്കാനായിരുന്നു ഫോണിൽ സംസാരിച്ചയാൾ പറഞ്ഞത്. കടയിലുണ്ടായിരുന്ന ജീവനക്കാരൻ ഇതുകേട്ട് ഭയന്നതോടെ, പ്രശ്‌നം ഒത്തുതീർപ്പാക്കാമെന്നും ഈ കാര്യങ്ങൾ മേലുദ്യോഗസ്ഥർക്ക് റിപ്പോർട്ട് ചെയ്യാതിരിക്കാൻ 25,000 രൂപ നൽകണമെന്നും മുഹമ്മദ് റാഫി ആവശ്യപ്പെട്ടു.തുടർന്ന് ജീവനക്കാരൻ കടയിലുണ്ടായിരുന്ന 8000 രൂപയും സമീപത്തെ കടയിൽ നിന്ന് വാങ്ങിയ 2000 രൂപയുമടക്കം 10,000 രൂപ മുഹമ്മദ് റാഫിക്ക് നൽകുകയായിരുന്നു.

പിറ്റേദിവസം കടയുടമയെത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ സംശയം തോന്നിയതിനെ തുടർന്നാണ് പുല്പള്ളി പൊലീസിനെ സമീപിച്ചത്. ദൃശ്യങ്ങളിൽ നിന്നും സ്ഥിരംകുറ്റവാളിയായ പ്രതിയെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചു. ബത്തേരി ഡിവൈഎസ്പി കെ കെ അബ്ദുൾ ഷെരീഫിന്റെ നിർദേശപ്രകാരം പുല്പള്ളി പൊലീസ് സബ് ഇൻസ്‌പെക്ടർ എച്ച് ഷാജഹാന്റെ നേതൃത്വത്തിൽ സിവിൽ പൊലീസ് ഓഫീസർമാരായ ദിവാകരൻ, അസീസ് എന്നിവരടങ്ങിയ സംഘം ബുധനാഴ്ച ഉച്ചയോടെയാണ് പ്രതിയെ പിടികൂടിയത്.

സമാനമായ രീതിയിൽ ഇതിന് മുമ്പ് മലപ്പുറം, കോഴിക്കോട് ജില്ലകളിൽ നിരവധിയാളുകളിൽനിന്നും കടകളിൽ നിന്നും മുഹമ്മദ് റാഫി ഭീഷണിപ്പെടുത്തി പണം തട്ടിയിട്ടുണ്ട് പൊലീസ് വൊളന്റിയർ, ട്രോമാകെയർ വൊളന്റിയർ, പൊലീസ് സ്‌ക്വാഡ് അംഗം എന്നിങ്ങനെ വിവിധ പേരുകളിലായിരുന്നു മുഹമ്മദ് റാഫി തട്ടിപ്പുകൾ നടത്തിയിരുന്നത്. തങ്ങൾ എന്ന പേരിൽ മന്ത്രവാദ കർമങ്ങൾ ചെയ്യുന്നതിനായി വിവിധ സ്ഥലങ്ങളിൽ നിന്നും പണംവാങ്ങി തട്ടിപ്പ് നടത്തിയിട്ടുണ്ട്. ഇയാൾ മുമ്പ് കാപ കേസിലും പ്രതിയായിരുന്നു.

error: Content is protected !!