സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ വ്യക്തത വരുത്താന്‍ സിബിഐ; എയിംസില്‍ നിന്നും വിദഗ്‌ധോപദേശം തേടി

പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ കൂടുതല്‍ വ്യക്തതയ്ക്കായി ഡല്‍ഹി എയിംസില്‍ നിന്നും വിദഗ്‌ധോപദേശം തേടി സിബിഐ. സിദ്ധാര്‍ത്ഥന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, ഫോറന്‍സിക് സര്‍ജന്റെ റിപ്പോര്‍ട്ട്, ഡമ്മി പരീക്ഷണം നടത്തിയ റിപ്പോര്‍ട്ട് എന്നിവ എയിംസിലേക്ക് അയച്ചിട്ടുണ്ട്. മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണമെന്നും ആവശ്യമുണ്ട്.

സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. എറണാകുളം സിജെഎം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. അന്വേഷണം പൂര്‍ത്തിയാക്കി അതിവേഗത്തിലാണ് കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. ഏപ്രില്‍ ആറിനാണ് കേസില്‍ സിബിഐ അന്വേഷണം തുടങ്ങിയത്. എസ്പി എം സുന്ദര്‍വേലിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

ഫെബ്രുവരി 18ന് ഉച്ചയോടെയാണ് സിദ്ധാര്‍ത്ഥനെ ഹോസ്റ്റലിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാമ്പസിലെ ക്രൂര റാഗിങ്ങിനെ തുടര്‍ന്നാണ് സിദ്ധാര്‍ത്ഥ് മരണപ്പെട്ടതെന്നാണ് പരാതി. സിദ്ധാര്‍ത്ഥന്റെ കുടുംബത്തിന്റെ ആവശ്യത്തിന് പിന്നാലെയാണ് കേസ് സിബിഐ ഏറ്റെടുത്തത്. സിദ്ധാര്‍ത്ഥന്റെ മരണം ഗുരുതര സംഭവമെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.

error: Content is protected !!