എപിപി അനീഷ്യ ജീവനൊടുക്കിയ സംഭവം: രണ്ടു പേർ അറസ്റ്റിൽ

കൊല്ലം പരവൂർ മുൻസിഫ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യ ജീവനൊടുക്കിയ കേസിൽ രണ്ടു പേർ അറസ്റ്റിൽ. പരവൂർ കോടതിയിലെ ഡിഡിപി അബദുൾ ജലീൽ, എപിപി ശ്യാം കൃഷ്ണ എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾക്ക് എതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ക്രൈംബ്രാഞ്ച് ചുമത്തി. ഇവരെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. മാനസിക സമ്മർദം താങ്ങാനാകതെ എപിപി അനീഷ്യ ആത്മഹത്യ ചെയ്‌തെന്നാണ് കേസ്.

പരവൂരിലെ അസിസ്റ്റൻറ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യയുടെ ആത്മഹത്യക്ക് പിന്നിൽ സഹപ്രവർത്തകരുടെ മാനസിക പീഡനം എന്ന് കുടുംബം ആരോപിച്ചിരുന്നു. ഇത് സാധൂകരിക്കുന്ന അനീഷയുടെ ശബ്ദ സന്ദേശവും ആത്മഹത്യാക്കുറിപ്പും പിന്നീട് ലഭിച്ചിരുന്നു. ജനുവരി 21 നാണ് അനീഷ്യ ജീവനൊടുക്കിയത്. വീട്ടിലെ കുളിമുറിയുടെ ജനാലയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

അനീഷ്യയുടെ ആത്മഹത്യയിൽ സഹപ്രവർത്തകനും മേലുദ്യോഗസ്ഥനും പങ്കുണ്ടെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. മരിക്കുന്നതിന് മുമ്പുള്ള ഇവരുടെ ശബ്ദരേഖയിലും ആത്മഹത്യാക്കുറിപ്പിലും ഇരുവർക്കുമെതിരെ ആരോപണങ്ങളുണ്ടായിരുന്നു. ഏറെ വികാരഭരിതയായി സംസാരിക്കുന്ന അഞ്ച് ശബ്ദസന്ദേശങ്ങളാണ് പുറത്തുവന്നിരുന്നു.

error: Content is protected !!