എസ്എസ്എല്‍സി പരീക്ഷാഫലം മെയ് 8ന്

ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാ ഫലം മെയ് എട്ടിന് പ്രഖ്യാപിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം മെയ് 9ന് മൂന്ന് മണിക്ക് പ്രഖ്യാപിക്കും. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നേരത്തെയാണ് ഇത്തവണ ഫലം പ്രഖ്യാപിക്കുന്നതെന്നും മന്ത്രി അറിയിച്ചു.

4,27,105 വിദ്യാര്‍ത്ഥികളാണ് ഇക്കൊല്ലം എസ്.എസ്.എല്‍.സി. പരീക്ഷ എഴുതിയത്. സംസ്ഥാനത്തൊട്ടാകെ എഴുപത് ക്യാമ്പുകളിലായി 10,863 അധ്യാപകര്‍ മൂല്യനിര്‍ണ്ണയ ക്യാമ്പില്‍ പങ്കെടുത്തു. ഏപ്രില്‍ 3 മുതല്‍ 20 വരെ പതിനാല് ദിവസങ്ങളിലായി മൂല്യനിര്‍ണ്ണയം പൂര്‍ത്തിയാക്കി. ടാബുലേഷന്‍, ഗ്രേസ് മാര്‍ക്ക് എന്‍ട്രി, എന്നിവ പരീക്ഷാ ഭവനില്‍ പൂര്‍ത്തിയാക്കി ഫലപ്രഖ്യാപനത്തിന് സജ്ജമാണെന്നും മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ഹയര്‍ സെക്കണ്ടറി/ വോക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലം മെയ് 9 വ്യാഴാഴ്ച മൂന്ന് മണിക്ക് പ്രഖ്യാപിക്കും. കഴിഞ്ഞ വര്‍ഷം മെയ് 25 നായിരുന്നു ഫലപ്രഖ്യാപനം നടത്തിയത്. കൃത്യമായ ആസൂത്രണത്തിന്റെയും നിര്‍വഹണത്തിന്റെയും ഫലമായാണ് മെയ് 10 നകം തന്നെ ഫലപ്രഖ്യാപനം നടത്താനായത് മന്ത്രി പറഞ്ഞു.

ഏപ്രില്‍ 3 മുതല്‍ 24-ാം തീയതി വരെയാണ് ഹയര്‍ സെക്കണ്ടറി മൂല്യനിര്‍ണ്ണയം നടന്നത്. മൊത്തം എഴുപത്തി ഏഴ് ക്യാമ്പുകളിലായി ഇരുപത്തി അയ്യായിരത്തോളം അധ്യാപകരാണ് പരീക്ഷ മൂല്യനിര്‍ണയത്തില്‍ പങ്കെടുത്തത്. അതിനിടെ, ഇന്ത്യയിലെ ആദ്യത്തെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധ്യാപക പരിശീലനം സംസ്ഥാനത്ത് തുടക്കമായെന്നും മെയ് 2 മുതല്‍ ആഗസ്റ്റ് 31 വരെ നീണ്ടു നില്‍ക്കുന്ന ഈ പരിശീലനത്തില്‍ എണ്‍പതിനായിരം അധ്യാപകര്‍ പങ്കെടുക്കുമെന്നും മന്ത്രി അറിയിച്ചു.

error: Content is protected !!