പോസ്റ്റ് ഓഫീസ് ജീവനക്കാരന്‍ മരിച്ചനിലയില്‍; കണ്ടെത്തിയത് പോസ്റ്റല്‍ സൂപ്രണ്ട് ഓഫീസില്‍

ജോലിക്കിടയില്‍ കാണാതായ പോസ്റ്റ് ഓഫീസ് ജീവനക്കാരനെ രണ്ട് ദിവസത്തിനു ശേഷം പോസ്റ്റല്‍ സൂപ്രണ്ട് ഓഫീസില്‍ മരിച്ച നിലയിൽ കണ്ടെത്തി. ആലുവ ഹെഡ് പോസ്റ്റ് ഓഫീസിലെ അസിസ്റ്റന്റ് പോസ്റ്റ് മാസ്റ്റർ കെ ജി ഉണ്ണികൃഷ്ണനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. പോസ്റ്റ് ഓഫീസിന് സമീപത്തെ പോസ്റ്റല്‍ സൂപ്രണ്ട് ഓഫീസില്‍ പഴയ ഫയലുകള്‍ സൂക്ഷിക്കുന്ന കെട്ടിടത്തില്‍നിന്നാണ് വെള്ളിയാഴ്ച മൃതദേഹം കണ്ടെത്തിയത്.

ആലുവ മുപ്പത്തടം സ്വദേശിയാണ് ഉണ്ണികൃഷ്ണന്‍. ബുധനാഴ്ച രാവിലെ പതിനൊന്ന് മണിവരെ ഇയാൾ ഓഫീസില്‍ ജോലിയില്‍ ഉണ്ടായിരുന്നു. പിന്നീട് ഉണ്ണികൃഷ്ണനെ കാണാതായെന്ന് ഓഫീസിലെ ജീവനക്കാര്‍ പൊലീസിനെ അറിയിച്ചിരുന്നു. തുടര്‍ന്ന് ഓഫീസിന്റെ പരിസരത്തും പോകാന്‍ സാധ്യതയുള്ള മറ്റ് സ്ഥലങ്ങളിലും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല.

വെള്ളിയാഴ്ച രാവിലെ പോസ്റ്റല്‍ സൂപ്രണ്ട് ഓഫീസിലെ പഴയ സ്റ്റോര്‍ മുറിയില്‍നിന്ന് ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് പരിശോധന നടത്തിയപ്പോഴാണ് ഉണ്ണികൃഷ്ണന്റെ മൃതദേഹം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് തയ്യാറാക്കി അന്വേഷണം ആരംഭിച്ചു.

error: Content is protected !!