സൂക്ഷ്മ പരിശോധന; മൂന്ന് പത്രിക തള്ളി, കണ്ണൂരില്‍ 12 സ്ഥാനാര്‍ഥികള്‍

ലോക്സഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ മണ്ഡലത്തില്‍ ലഭിച്ച 18 നാമനിര്‍ദേശ പത്രികകളില്‍ മൂന്ന് എണ്ണം സൂക്ഷ്മ പരിശോധനയില്‍ തള്ളി. സ്വതന്ത്ര സ്ഥാനാര്‍ഥികളായി പത്രിക സമര്‍പ്പിച്ച കെ സി സലിം, എം പി സലിം, ജയരാജ് എന്നിവരുടെ പത്രികകളാണ് ആവശ്യമായ രേഖകള്‍ ഇല്ലാത്തതിനാല്‍ തള്ളിയത്. എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ മുന്നണി സ്ഥാനാര്‍ഥികളുടെ പത്രികകള്‍ സ്വീകരിച്ചതോടെ ഡമ്മി സ്ഥാനാര്‍ഥികളുടെ പത്രികകള്‍ ഇല്ലാതായി. കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തില്‍ മത്സര രംഗത്തുള്ള സ്ഥാനാര്‍ഥികളുടെ എണ്ണം 12 ആയി. എം വി ജയരാജന്‍(എല്‍ ഡി എഫ്), സി രഘുനാഥ്( എന്‍ ഡി എ), കെ പി നാരായണകുമാര്‍( സ്വതന്ത്രന്‍), ബാലകൃഷ്ണന്‍ ചെമ്മഞ്ചേരി (സ്വതന്ത്രന്‍), വാടി ഹരീന്ദ്രന്‍ (സ്വതന്ത്രന്‍), കെ സുധാകരന്‍(യു ഡി എഫ്), രാമചന്ദ്രന്‍ ബാവിലേരി (ഭാരതീയ ജവാന്‍ കിസാന്‍), ജോയ് ജോണ്‍(സ്വതന്ത്രന്‍), ജയരാജന്‍(സ്വതന്ത്രന്‍), ജയരാജ്( സ്വതന്ത്രന്‍), കെ സുധാകരന്‍(സ്വതന്ത്രന്‍), കെ സുധാകരന്‍ (സ്വതന്ത്രന്‍) എന്നിവരാണ് നിലവിലുള്ള സ്ഥാനാര്‍ഥികള്‍.

ജില്ലാ കലക്ടറും കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം വരണാധികാരിയുമായ അരുണ്‍ കെ വിജയനാണ് നാമ നിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടത്തിയത്. പൊതു നിരീക്ഷകന്‍ മാന്‍വേന്ദ്ര പ്രതാപ് സിംഗ്, അസിസ്റ്റന്റ് കലക്ടര്‍ അനൂപ് ഗാര്‍ഗ്, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍, സ്ഥാനാര്‍ഥികളുടെ പ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് സൂക്ഷ്മ പരിശോധന നടന്നത്.

error: Content is protected !!