അധികാരത്തിലെത്തിയാൽ ഇലക്ടറൽ ബോണ്ട് തിരികെ കൊണ്ടുവരും: നിർമല സീതാരാമൻ

ബിജെപി അധികാരത്തില്‍ വന്നാല്‍ വീണ്ടും ഇലക്ടറല്‍ ബോണ്ട് കൊണ്ട് വരുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. പലരുമായി ചര്‍ച്ച നടത്തി പദ്ധതിയില്‍ മാറ്റം വരുത്തുമെന്നും എല്ലാ വിഭാഗം ആളുകളുമായി ചര്‍ച്ച നടത്തി എല്ലാവര്‍ക്കും സ്വീകാര്യമാകുന്ന രീതിയില്‍ ഇലക്ടറല്‍ ബോണ്ടുകള്‍ കൊണ്ടുവരുമെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു.

സുതാര്യത ഉറപ്പാക്കി കള്ളപ്പണം ബോണ്ടുകളിലേക്ക് എത്തുന്നത് തടയുമെന്നും സുപ്രീംകോടതി വിധി പുനഃപരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. സുതാര്യതയില്ലാത്തതിന്റെ പേരില്‍ സുപ്രീംകോടതി ഇലക്ടറല്‍ ബോണ്ടുകള്‍ റദ്ദാക്കുകയായിരുന്നു.

ഫെബ്രുവരി 15നാണ് സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടന ബെഞ്ച് ഇലക്ടറല്‍ ബോണ്ടുകള്‍ ഭരണഘടന വിരുദ്ധമാണെന്ന് പ്രഖ്യാപിച്ചത്. ജനങ്ങളുടെ അറിയാനുള്ള അവകാശത്തിന് വിരുദ്ധമാണ് ഇലക്ടറല്‍ ബോണ്ടുകളുടെ ഘടനയെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.

error: Content is protected !!