മാധ്യമ പ്രവർത്തകയെ അപമാനിച്ച കേസ്: സുരേഷ് ഗോപിക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

മാധ്യമ പ്രവർത്തകയെ അപമാനിച്ച കേസിൽ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. ഐ പിസി 354 സ്ത്രീത്വത്തെ അപമാനിക്കുക എന്ന ലക്ഷ്യത്തോടെ ബലം പ്രയോഗിക്കൽ എന്ന വകുപ്പ് ചുമത്തിയാണ് കുറ്റപത്രം. പൊലീസ് ആക്ടിലെ 119 എ വകുപ്പും ചുമത്തിയിട്ടുണ്ട്.

ഫെബ്രുവരി 26 ന് അന്വേഷണ ഉദ്യോഗസ്ഥനായ നടക്കാവ് എസ് ഐ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. കഴിഞ്ഞ മാസം 27 ന് അന്വേഷണ സംഘം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും പിശക് കണ്ടെത്തിയതോടെ ഇത് തിരിച്ചയക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് പിഴവുകൾ തിരുത്തി വീണ്ടും കുറ്റപത്രം സമർപ്പിച്ചത്. 180 പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചത്.

ഒക്ടോബര്‍ 27നാണ് കേസിനാസ്പദമായ സംഭവം. കോഴിക്കോട് തളിയില്‍ മാധ്യമങ്ങളോട് സംസാരിക്കവെ ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ സുരേഷ് ഗോപി അനുവാദമില്ലാതെ കൈ വയ്ക്കുകയായിരുന്നു. മാധ്യമപ്രവർത്തക അപ്പോൾ തന്നെ കൈ തട്ടിമാറ്റിയെങ്കിലും സുരേഷ് ഗോപി വീണ്ടും കൈ വെച്ചു.പൊലീസിലും വനിതാ കമ്മിഷനിലും മാധ്യമപ്രവര്‍ത്തക പരാതി നല്‍കി. സുരേഷ് ഗോപി മാപ്പ് പറഞ്ഞ് രംഗത്തെത്തിയെങ്കിലും പരാതിക്കാരി കേസുമായി മുന്നോട്ടു പോകുകയായിരുന്നു. ആ കുട്ടിക്ക് റോങ് ടച്ചായി തോന്നിയെങ്കിൽ സമൂഹത്തിന് മുന്നിൽ മാപ്പ് പറയുന്നുവെന്നായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകൾ. കേസിൽ സുരേഷ് ​ഗോപിയെ നേരത്തെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു.

error: Content is protected !!