തിരുവനന്തപുരത്ത് നിന്ന് കാണാതായ ശേഷം തിരികെ കിട്ടിയ കുഞ്ഞിനെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി; കുട്ടിയിൽ നിന്ന് മൊഴിയെടുത്തു

തിരുവനന്തപുരം ചാക്കയിൽ നിന്ന് കാണാതായ ശേഷം തിരികെ കിട്ടിയ കുഞ്ഞിനെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന മേരിയെ അല്പം മുമ്പാണ് ഡിസ്ചാർജ് ചെയ്തത്. കുട്ടിയിൽ നിന്ന് മൊഴി രേഖപ്പെടുത്തി. പൂജപ്പുര വനിതാ ശിശു വികസന ഡയറക്ടറേറ്റിൽ എത്തിച്ചാണ് CWC കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്.

നാടോടി സംഘത്തിനൊപ്പമുള്ള മറ്റ് മൂന്ന് കുട്ടികളും നിലവില്‍ ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലാണ്. കുഞ്ഞിന്റെ സുരക്ഷയും കേസിന്റെ അന്വേഷണവും പരിഗണിച്ചാണ് ശിശു ക്ഷേമ സമിതിയിലേക്ക് മാറ്റാനുള്ള തീരുമാനം.

നേരത്തേ കുട്ടിയെ ശിശുക്ഷേമ സമിതിയിലേക്ക് മാറ്റാന്‍ മാതാപിതാക്കള്‍ അനുവദിച്ചിരുന്നില്ല. നാളെ കുഞ്ഞിനെ കാണിക്കാം എന്ന് രക്ഷിതാക്കള്‍ക്ക് ഉറപ്പ് നല്‍കി. തൈക്കാട് ശിശുക്ഷേമ സമിതിയിലേക്കാണ് കുട്ടിയെ മാറ്റിയത്. ബ്രഹ്‌മോസിന്റെ പുറക് വശത്തെ കാടുകയറിയ പ്രദേശത്തെ ഓടയില്‍ എങ്ങനെ കുഞ്ഞ് എത്തി എന്നതില്‍ വ്യക്തത വരുത്താന്‍ ഇതുവരെ പൊലീസിന് സാധിച്ചിട്ടില്ല. വിവിധയിടങ്ങളില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും നിര്‍ണായകമായതൊന്നും ഇതുവരെ കണ്ടെത്താനായിട്ടില്ല.

പൊലീസ് പറത്തിയ ഡ്രോണില്‍ പതിഞ്ഞ നിര്‍ണായ ദൃശ്യങ്ങളാണ് കുഞ്ഞിലേക്ക് എത്താന്‍ പൊലീസിന് സഹായകമായത്. എന്നാല്‍ സ്ഥലത്തെ റെയില്‍ പാളത്തിന് അരികിലുള്ള ഓടയിലേക്ക് കുഞ്ഞ് എങ്ങനെ എത്തി എന്നതിലേക്ക് എത്താവുന്ന ഒരു തുമ്പും പൊലീസിന് ലഭിച്ചിട്ടില്ല. ആരെങ്കിലും തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചതാണോ എന്നതില്‍ ഇനിയും വ്യക്തതയില്ല. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും ദുരൂഹ സാഹചര്യത്തില്‍ ഒരു വാഹനം പോലും കണ്ടെത്താനായിട്ടില്ല.

error: Content is protected !!