നൂറ് രൂപയ്ക്ക് ഒരേക്കർ ഭൂമി; മാനന്തവാടി സെന്റ് ജോർജ് പള്ളിക്ക് ഭൂമി നൽകിയ നടപടി റദ്ദാക്കി ഹൈക്കോടതി

വയനാട്ടില്‍ പള്ളിക്ക് ഭൂമി കൈമാറിയ നടപടി റദ്ദാക്കി ഹൈക്കോടതി. മാനന്തവാടി കല്ലോടി സെന്റ് ജോര്‍ജ് ഫെറോന പള്ളിക്ക് ഭൂമി കൈമാറിയ നടപടിയാണ് കോടതി റദ്ദാക്കിയത്. 2015ല്‍ യുഡിഎഫ് സര്‍ക്കാരാണ് 5.5 ഹെക്ടര്‍ ഭൂമി പതിച്ച് നല്‍കിയത്. ഏക്കറിന് 100 രൂപ നിരക്കിലായിരുന്നു കൈമാറ്റം.

 

 

രണ്ട് മാസത്തിനകം ഭൂമിയുടെ വിപണി മൂല്യം നിശ്ചയിക്കണമെന്ന് കോടതി വ്യക്തമാക്കി. വിപണി വില നല്‍കിയാല്‍ മാത്രം ഭൂമി വിട്ടുനല്‍കിയാല്‍ മതിയെന്നും സമയപരിധിക്കുള്ളില്‍ തുക നല്‍കി വാങ്ങാന്‍ തയ്യാറാകുന്നില്ലെങ്കില്‍ ഭൂമി തിരിച്ചെടുക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

സര്‍ക്കാരിന്റെ നടപടി ചോദ്യം ചെയ്ത് ആദിവാസി വിഭാഗത്തില്‍പ്പെട്ടവരാണ് കോടതിയെ സമീപിച്ചത്. ആദിവാസികളടക്കം ഭൂമിക്ക് വേണ്ടി സര്‍ക്കാരിന് മുന്നില്‍ കാത്തുനില്‍ക്കുമ്പോളാണ് ഇത്തരം ഭൂമി കൈമാറ്റങ്ങളെന്ന് കോടതി വിമര്‍ശിച്ചു. ഭൂമി പതിച്ച് നല്‍കിയ 2015ലെ കണക്കുകള്‍ പ്രകാരം മൂന്ന് കോടിയിലധികം വിലമതിക്കുന്ന ഭൂമിയാണ് പള്ളിക്ക് 100 രൂപ നിരക്കില്‍ സര്‍ക്കാര്‍ നല്‍കിയത്

error: Content is protected !!