ആടിയും പാടിയും നാടന്‍പാട്ട് സംഘം; ആവേശമായി കലാജാഥ

വില്ലുവണ്ടിയിലേറി വന്നത് ആരുടെ വരവോ..കല്ലുമാല പറിച്ചെറിഞ്ഞത് ആരുടെ വരവോ..അയ്യങ്കാളിയെക്കുറിച്ചുള്ള ഈ വരികള്‍ പാടിയായിരുന്നു തുടക്കം. പിന്നീട് വേഗവും താളവും നിറഞ്ഞ നാടന്‍പാട്ടുകള്‍ കാണികളിലേക്കെത്തി. അതോടെയുണ്ടായ ആവേശത്തിരയിളക്കത്തില്‍ കൂടിനിന്നവര്‍ ചുവടുവെച്ചു. കണ്ണൂരില്‍ നടക്കുന്ന ആദിവാസി ദളിത് വിഭാഗങ്ങളുമായുള്ള മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിയുടെ പ്രചരാണാര്‍ത്ഥം ഫോക് ലോര്‍ അക്കാദമിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കലാജാഥയാണ് കാതുകള്‍ക്ക് ഇമ്പമേകിയത്.

സാംസ്‌കാരിക വകുപ്പ് വജ്രജൂബിലി ഫെലോഷിപ്പ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ മിനേഷ് മണക്കാടിന്റെ നേതൃത്വത്തിലായിരുന്നു കലാജാഥ. ജില്ലയിലെ ഫെലോഷിപ്പ് കലാകാരന്‍മാരായ രജീഷ് നിടുവാലൂര്‍, നന്ദന സദാനന്ദന്‍, രാഖി രാമചന്ദ്രന്‍ തുടങ്ങിയവരാണ് നാടന്‍പാട്ടുകളുടെ അവതരിപ്പിച്ചത്. കണ്ണൂര്‍ പഴയ ബസ്റ്റാന്റിലും കെ എസ് ആര്‍ ടി സി ബസ്റ്റാന്റ് പരിസരത്തും പര്യടനം നടത്തിയ കലാജാഥ കാണാന്‍ നിരവധി പേരാണ് ഒത്തുകൂടിയത്.
മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത നവകേരള സദസ്സിന്റെ തുടര്‍ച്ചായായ മുഖാമുഖം പരിപാടി ഫെബ്രുവരി 24ന് രാവിലെ 9.30ന് കണ്ണൂര്‍ ദിനേശ് ഓഡിറ്റോറിയത്തിലാണ് നടക്കുക. ആദിവാസി, ദളിത് മേഖലയിലെ ക്ഷണിക്കപ്പെട്ടവര്‍ പങ്കെടുക്കും.

ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ കെ വി രവിരാജ്, ഐ ടി ഡി പി പ്രൊജക്ട് ഓഫീസര്‍ ജി പ്രമോദ്, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍ വകുപ്പ് അസി. ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ആര്‍ ബിജു, അസി. ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ ഒ പി രാധാകൃഷ്ണന്‍ തുടങ്ങിയര്‍ പങ്കെടുത്തു.

error: Content is protected !!