സമസ്തയുടെ പരിപാടിയിൽ നിന്ന് യുവ നേതാക്കളെ വെട്ടി മാറ്റി; സംഘടനയ്ക്ക് അകത്ത് പ്രതിഷേധം ശക്തം

പട്ടിക്കാട് ജാമിഅഃ നൂരിയ വാർഷിക സമ്മേളനത്തിൽ നിന്ന് യുവനേതാക്കളെ ഒഴിവാക്കിയതിൻ്റെ പേരിൽ സമസ്തയിൽ ഭിന്നത രൂക്ഷം. ഓസ്ഫോജ്ന, എസ്കെഎസ്എസ്എഫ് പ്രാദേശിക കമ്മിറ്റികൾ പ്രതിഷേധവുമായി രംഗത്തെത്തി. സമ്മേളനത്തിന് ഇന്ന് തുടക്കം കുറിക്കാനിരിക്കെയാണ് പ്രതിഷേധം ശക്തമാകുന്നത്. സാമൂഹിക മാധ്യമങ്ങളിലും സമസ്ത അനുകൂലികൾക്ക് ഇടയിലും ചേരിപ്പോര് ശക്തമാണ്. സമസ്ത യുവനേതാക്കളെ ഒഴിവാക്കിയതിനെതിരെ ജാമിഅഃ ക്യാമ്പസിൽ ലഘുലേഖ വിതരണം ചെയ്തു. ലീഗ് നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായാണ് ലഘുലേഖകൾ ഇറക്കിയിരിക്കുന്നത്. ലീഗ് നേതാക്കൾ ഇടപെട്ടാണ് സമസ്ത യുവനേതാക്കളെ മാറ്റി നിർത്തിയത് എന്നാണ് ആരോപണം.

മുസ്‌ലീം ലീഗ് നേതൃത്വത്തിനെതിരെ വിമർശനമുന്നയിച്ച സമസ്ത നേതാക്കളെയാണ് മാറ്റി നിർത്തിയത്. ജാമിഅഃ നൂരിയ്യ വാർഷിക സമ്മേളനത്തിൽ നിന്ന് യുവനേതാക്കളെ വെട്ടി നിരത്തിയതിന് പിന്നിൽ ലീഗ് നേതാക്കളെന്നാണ് സമസ്‌തയിലെ ഒരു വിഭാഗത്തിൻ്റെ ആരോപണം. സമസ്ത മുശാവറ നേരിട്ട് നടത്തുന്ന ഏക സ്ഥാപനമാണ് പെരിന്തൽമണ്ണയിലെ പട്ടിക്കാട് ജാമിഅഃ നൂരിയ അറബിയ്യ കോളേജ്. മുസ്ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ പ്രസിഡണ്ടായ സ്ഥാപനത്തിന്റെ വാർഷിക സമ്മേളനമാണ് ജനുവരി 3 മുതൽ 7 വരെ നടക്കുന്നത്. ഈ വേദിയിൽ നിന്നാണ് സമസ്തയിലെ യുവനേതാക്കളെ വെട്ടിമാറ്റിയത്. ജാമിഅഃ സമ്മേളനങ്ങളിൽ സ്ഥിരമായി പ്രഭാഷണം നടത്താറുള്ള നേതാക്കളെയാണ് ഒഴിവാക്കിയത്. ഹമീദ് ഫൈസി അമ്പലക്കടവ്, സത്താർ പന്തല്ലൂർ, റഷീദ്‌ ഫൈസി വെള്ളായിക്കോട്, മുസ്തഫ മുണ്ടുപാറ, സ്വലാഹുദ്ദീൻ ഫൈസി വല്ലപ്പുഴ എന്നിവർ ഉൾപ്പടെയുള്ളവരെ മാറ്റി നിർത്തിയത്.

ഏക സിവിൽ കോഡ് വിഷയമടക്കം പല ഘട്ടങ്ങളിലായി മുസ്‌ലിം ലീഗ് നേതൃത്വത്തിനെതിരെ വിമർശനമുന്നയിച്ചവരാണ് മാറ്റി നിർത്തപെട്ടവർ. വെട്ടിനിരത്തലിന് പിന്നിൽ സാദിഖലി ശിഹാബ് തങ്ങളടക്കമുള്ള മുസ്‌ലിം ലീഗ് നേതാക്കളാണന്നാണ് സമസ്‌തയിലെ ഒരു വിഭാഗത്തിന്റെ ആരോപണം. സമസ്തയുടെ സ്ഥാപനത്തിലെ പരിപാടിയിൽ നിന്ന് തന്നെ യുവ നേതാക്കളെ വെട്ടി മാറ്റിയതിൽ സംഘടനയ്ക്ക് അകത്ത് വലിയ പ്രതിഷേധമാണ് ഉയരുന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി സമ്മേളന പ്രചാരണാര്‍ത്ഥം കാസർകോട് ജില്ലയിൽ ഇന്നലെ നടത്താൻ തീരുമാനിച്ചിരുന്ന ജാമിഅഃ ഫെസ്റ്റ് നിറുത്തി വെച്ചിരുന്നു. നാളെ സമ്മേളനം ആരംഭിക്കാനിരിക്കയാണ് യുവ നേതാക്കളെ തഴഞ്ഞതിൽ വിവാദം ശക്തമാകുന്നത്.

error: Content is protected !!