കമലാപൂർ റെയിൽവേ സ്‌റ്റേഷനു സമീപം ട്രെയിനിന് തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

ബംഗ്ലാദേശിൽ ട്രെയിനിന് തീപിടിച്ച് 4 പേർ കൊല്ലപ്പെട്ടു. ഇന്ത്യയുടെ പശ്ചിമ ബംഗാൾ അതിർത്തിയിലുള്ള തുറമുഖ പട്ടണമായ ബെനാപോളിൽ നിന്ന് തലസ്ഥാന നഗരമായ ധാക്കയിലേക്ക് വരികയായിരുന്ന ബെനാപോൾ എക്‌സ്പ്രസിലാണ് തീപിടിത്തമുണ്ടായത്. ജനുവരി 7ന് നടക്കാനിരിക്കുന്ന ബംഗ്ലാദേശ് പൊതുതെരഞ്ഞെടുപ്പ് പ്രധാന പ്രതിപക്ഷമായ ബിഎൻപി ബഹിഷ്കരിച്ചതുമായി ബന്ധപ്പെട്ട് നടന്ന പ്രക്ഷോഭത്തിന്റെ ഭാഗമായുള്ള തീവയ്പ്പാണോ എന്നും സംശയിക്കുന്നുണ്ട്.

കമലാപൂർ റെയിൽവേ സ്‌റ്റേഷനു സമീപമായിരുന്നു സംഭവം. പ്രാദേശിക സമയം രാത്രി 9 മണിയോടെ ധാക്ക റെയിൽവേ സ്റ്റേഷനിലേക്ക് ട്രെയിൻ നീങ്ങുന്നതിനിടെയാണ് തീപിടിത്തമുണ്ടായത്. നിരവധി പേർക്ക് പരുക്കുണ്ട്. ഇവരെ ധാക്ക മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചതായാണ് റിപ്പോർട്ടുകൾ. പാസഞ്ചർ ട്രെയിനിൻ്റെ നാല് കോച്ചുകൾ കത്തിനശിച്ചു. ഏഴ് ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.

ട്രെയിനിൽ 292 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഭൂരിഭാഗവും ഇന്ത്യയിൽ നിന്ന് നാട്ടിലേക്ക് മടങ്ങുകയായിരുന്നെന്ന് റെയിൽവേ അധികൃതർ പറഞ്ഞു. തെരഞ്ഞെടുപ്പിന് മുന്നോടിയായി ആളുകളെ ഭയപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള തീപിടിത്തം വ്യക്തമായ അട്ടിമറിയാണെന്ന് ധാക്ക മെട്രോപൊളിറ്റൻ പൊലീസിലെ അഡീഷണൽ പോലീസ് കമ്മീഷണർ മഹിദ് ഉദ്ദീൻ പറഞ്ഞു. ഒരു രാഷ്ട്രീയ പാർട്ടിയെയോ ഗ്രൂപ്പുകളെയോ സംശയിക്കുന്നതായി അദ്ദേഹം പറഞ്ഞിട്ടില്ല. എന്നാൽ ഉത്തരവാദികളെ ഉടൻ കണ്ടെത്തുമെന്ന് അദ്ദേഹം പറഞ്ഞു.

error: Content is protected !!