ജനുവരി 25 മുതൽ നിയമസഭാ സമ്മേളനം ചേരും

സർക്കാർ-ഗവർണർ പോര് അയവില്ലാതെ തുടരുന്ന സാഹചര്യത്തിൽ ജനുവരി 25 മുതൽ നിയമസഭാ സമ്മേളനം ചേരും. ബജറ്റ് അവതരണത്തിനായി നിയമസഭ വിളിച്ചുചേർക്കാൻ ഗവർണറോട് മന്ത്രിസഭ ശുപാർശ ചെയ്തു. ഗവർണർ പരസ്യ വിമർശനം തുടരുന്നതിനാൽ നയപ്രഖ്യാപന പ്രസംഗത്തിൽ സർക്കാരിന് ആശങ്കയുണ്ട്.

പുതിയ വർഷത്തിലെ ആദ്യ നിയമസഭ സമ്മേളം ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് തുടങ്ങേണ്ടത്. തൻറെ ഉത്തരവാദിത്വങ്ങൾ നിർവ്വഹിക്കുമെന്ന് ഗവർണർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ സർക്കാർ തയ്യാറാക്കി നൽകുന്ന നയപ്രഖ്യാപന പ്രസംഗം ഗവർണർ എങ്ങനെ അവതരിപ്പിക്കുമെന്നതാണ് ആകാംക്ഷ. കേന്ദ്ര വിമർശനമുൾപ്പടെ പ്രതിപാദിക്കുന്ന നയപ്രഖ്യാപന പ്രസംഗത്തിൽ വിശദീകരണം തേടാനും പരാമർശങ്ങൾ ഒഴിവാക്കാനും ഗവർണർക്ക് കഴിയും.

നയപ്രഖ്യാപനത്തിന്റെ കരട് തയ്യാറാക്കാൻ നേരത്തേ മന്ത്രിസഭാ ഉപസമിതിക്കു രൂപംനൽകിയിരുന്നു. ഈ മാസം 25മുതലാണ് സഭ സമ്മേളിക്കുന്നത്. 29മുതൽ നന്ദി പ്രമേയ ചർച്ചയും ഫെബ്രുവരി ആദ്യം ബജറ്റ് അവതരണവും നടക്കും. ആകെ 10 ദിവസമാകും സഭ ചേരുക. യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിൻറെ അറസ്റ്റിനെ തുടർന്ന് ഉണ്ടായ രാഷ്ട്രീയ വിവാദങ്ങൾ ഉൾപ്പെടെ സഭയിലുമെത്തും. നവകേരള സദസ്സുമായി ബന്ധപ്പെട്ടുയർന്ന രാഷ്ട്രീയ വിവാദങ്ങളും ഡിവൈഎഫ്ഐ അതിക്രമങ്ങളും പ്രതിപക്ഷം സഭയിൽ ഉന്നയിക്കും. സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയും പ്രതിപക്ഷം സഭയിൽ ഉന്നയിക്കും. ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപായി ചേരുന്ന അവസാന നിയമസഭാ സമ്മേളനം ഭരണ-പ്രതിപക്ഷ മുന്നണികൾ രാഷ്ട്രീയമായ പ്രയോജനപ്പെടുത്താനും ശ്രമിക്കും. നിലവിലെ രാഷ്ട്രീയസാഹചര്യത്തിൽ സഭാസമ്മേളനം ഏറെ പ്രക്ഷുബ്ധമാകുമെന്നാണ് വിലയിരുത്തൽ.

error: Content is protected !!