കുളത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ യുഡിഎഫ് – ബിജെപി കൂട്ടുകെട്ട് ; ബിജെപി പിന്തുണയോടെ കോണ്‍ഗ്രസിൻറെ പ്രസിഡൻറ് സ്ഥാനാർത്ഥി വിജയിച്ചു

തിരുവനന്തപുരം കുളത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ യുഡിഎഫ് – ബിജെപി കൂട്ടുകെട്ട്. തിങ്കളാഴ്‌ച നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബിജെപി അംഗങ്ങളുടെ പിന്തുണയോടെ കോണ്‍ഗ്രസിലെ ഗീതാ സുരേഷാണ് വിജയിച്ചത്‌.

കോൺഗ്രസിലെ ധാരണപ്രകാരം ഐ ഗ്രൂപ്പിലെ സുധാർജുനൻ പ്രസിഡന്റ്‌ സ്ഥാനം രാജിവച്ചതിനെ തുടർന്നായിരുന്നു തെരഞ്ഞെടുപ്പ്‌. എ ഗ്രൂപ്പിലെ ഗീതാ സുരേഷിനെ പ്രസിഡന്റാക്കുന്നതിനെ ചൊല്ലി യുഡിഎഫില്‍ വിയോജിപ്പുണ്ടായിരുന്നു. തുടര്‍ന്ന് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്ന് 2 യുഡിഎഫ് മെമ്പര്‍മാര്‍ വിട്ടുനിന്നു. ഏഴ് അംഗങ്ങളുള്ള എല്‍ഡിഎഫിന് ഭരണം ലഭിക്കാന്‍ സാധ്യതയുള്ളതിനാലാണ് യുഡിഎഫ് ബിജെപിയുമായി സഖ്യമുണ്ടാക്കിയത്.

ബിജെപിയുടെ കുളത്തൂര്‍ മണ്ഡലം പ്രസിഡന്റ് ഉള്‍പ്പെടെ രണ്ട് മെമ്പര്‍മാരാണ് വിപ്പ്‌ ലംഘിച്ച്‌ യുഡിഎഫിന് വോട്ട് ചെയ്‌തത്. ഗീത സുരേഷിന് ബിജെപിയുടേതടക്കം 10 വോട്ടും കോണ്‍ഗ്രസ് വിമതനായി മത്സരിച്ച സുരേഷ് കുമാറിന് 9 വോട്ടും കിട്ടി. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വീണ്ടും യുഡിഎഫ് – ബിജെപി കൂട്ടുകെട്ട് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക്‌ കാരണമാകും. ഇരുപത് അംഗങ്ങളുള്ള കുളത്തൂർ പഞ്ചായത്തിൽ കോൺഗ്രസ് – 9, സിപിഐ എം – 5, ബിജെപി – 3, സിപിഐ 1, സ്വതന്ത്രർ – 2 എന്നിങ്ങനെയാണ് കക്ഷിനില. സ്വതന്ത്രരിൽ ഒരാൾ എൽഡിഎഫിനൊപ്പവും ഒരാൾ യുഡിഎഫിനൊപ്പവുമാണ്‌.

error: Content is protected !!