ദക്ഷിണ കൊറിയൻ പ്രതിപക്ഷ നേതാവ് ലീ ജെയ് മ്യുങിന് കഴുത്തിൽ കുത്തേറ്റു

ദക്ഷിണ കൊറിയൻ പ്രതിപക്ഷ നേതാവിന് നേരെ ആക്രമണം. ലീ ജെയ് മ്യുങിന് കഴുത്തിൽ കുത്തേറ്റു. തുറമുഖ നഗരമായ ബുസാൻ സന്ദർശനത്തിനിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെയാണ് സംഭവം. അക്രമി അറസ്റ്റിലായി.  പുതിയ വിമാനത്താവളം വരാനിരിക്കുന്ന സ്ഥലം സന്ദർശിച്ച ശേഷം മാധ്യമങ്ങളെ കാണുന്നതിനിടെയാണ് ആൾക്കൂട്ടത്തിൽ നിന്ന് അക്രമിയെത്തിയത്. ഓട്ടോഗ്രാഫ് വേണമെന്ന് പറഞ്ഞ് അടുത്തെത്തിയ അക്രമി കഴുത്തിൽ കത്തിവച്ച് കുത്തുകയായിരുന്നു. ലീയുടെ പേര് ആലേഖനം ചെയ്ത തൊപ്പി ധരിച്ചാണ് ആക്രമി എത്തിയത്.

ഉടൻ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ ലീയെ ആംബുലൻസിൽ കയറ്റുകയും ഹെലികോപ്റ്ററിൽ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. ഒരു സെന്റിമീറ്റർ ആഴത്തിലാണ് കഴുത്തിലെ മുറിവ്. എന്നാൽ പരുക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്. ഡെമോക്രാറ്റിക് പാർട്ടി നേതാവായ ലീ 2022 ൽ കൺസർവേറ്റിവ് പാർട്ടിയിലെ യൂൻ സുക് യോളിനോട് പരാജയപ്പെട്ടിരുന്നു. ദക്ഷിണ കൊറിയൻ ചരിത്രത്തിലെ തന്നെ ഏറ്റവും വാശിയേറിയ തെരഞ്ഞെടുപ്പിനാണ് 2022 സാക്ഷ്യം വഹിച്ചത്.

error: Content is protected !!