രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ്; വിമർശനവുമായി ഷാഫി പറമ്പിൽ എംഎൽഎ

നവകേരള സദസ്സ് പൊളിഞ്ഞുപോയതിന്റെ ജാള്യത മറയ്ക്കാനാണ് അറസ്റ്റ് നാടകമെന്ന വിമർശനവുമായി ഷാഫി പറമ്പിൽ എംഎൽഎ. യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിലാണ് എംഎൽഎയുടെ പ്രതികരണം. വീട്ടിൽ ചെന്ന് പ്രസിഡന്റിനെ അറസ്റ്റ് ചെയ്തത് താഴെ തട്ടിൽ ഉള്ളവർക്ക് സന്ദേശം നൽകാനാണ്. ഇതിന് മുഖ്യമന്ത്രി നേരിട്ട് തന്നെയാണ് നേതൃത്വം നൽകുന്നത്. പിണറായി വിജയനും അടിമകളായ പൊലീസ് ഉദ്യോഗസ്ഥരും ചേർന്നാണ് ഈ നാടകം നടത്തുന്നത് എന്നും ഷാഫി പറമ്പിൽ വിമർ‌ശിച്ചു. ഭയപ്പെടുത്താനും നിശ്ശബ്ദ​രാക്കാനുമാണ് ശ്രമമെങ്കിൽ വെറുതെ ഇരിക്കില്ലെന്നും ഷാഫി പറമ്പിൽ മുന്നറിയിപ്പ് നൽകി. കേരളത്തിൽ സമര പരമ്പരകൾ തന്നെ നടക്കും. അവർ ഓമനിക്കുമെന്നു കരുതി സമരത്തിന് ഇറങ്ങുന്നവർ അല്ല തങ്ങൾ എന്നും എംഎൽഎ വ്യക്തമാക്കി. മാർച്ച്‌ ഉദ്ഘാടനം ചെയ്‌ത തനിക്കെതിരെ പോലും കേസ് എടുത്തു. ​ഗവർ‌ണർക്കെതിരെയുളള രാജ്ഭവൻ മാർച്ച്‌ ഉദ്ഘാടനം ചെയ്‌ത സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരെ കേസ് എടുക്കുമോ എന്നും അദ്ദേഹം ചോദിച്ചു.

രാഷ്ട്രീയമായി കോൺഗ്രസ് നേരിടുന്നത് ബിജെപിയെ ആണെന്നും ഷാഫി പറമ്പിൽ അഭിപ്രായപ്പെട്ടു. രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിൽ യൂത്ത് കോൺ​ഗ്രസിന്റെ പ്രതിഷേധം തുടരുകയാണ്. വിവിധ ജില്ലകളിൽ പൊലീസ് മേധാവികളുടെ കാര്യാലയത്തിലേക്ക് യൂത്ത് കോൺ​ഗ്രസ് മാർച്ച് നടത്തി. സെക്രട്ടറിയേറ്റ് മാര്‍ച്ച് അതിക്രമകേസിൽ ആണ് രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തത്. കേസിൽ റിമാൻഡിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അപ്പീൽ ജനുവരി17ലേക്ക് മാറ്റിയിട്ടുണ്ട്. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി II ജാമ്യാപേക്ഷ തള്ളിയതിനെതിരായ അപ്പീലാണ് സെഷൻസ് കോടതി പിന്നീട് പരിഗണിക്കാനായി മാറ്റിയത്. ജനുവരി ഒമ്പതിന് സെക്രട്ടറിയേറ്റ് അതിക്രമക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിലിനെ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി II രണ്ടാഴ്ചത്തേയ്ക്ക് റിമാൻഡ് ചെയ്തിരുന്നു.

 

error: Content is protected !!