വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

കണ്ണൂരിനെ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരതാ ജില്ലയാക്കും

കണ്ണൂരിനെ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരതാ ജില്ലയാക്കാന്‍ ജില്ലാ സാക്ഷരതാ സമിതി യോഗത്തില്‍ തീരുമാനം. ഇതിനായി ജില്ലാ പഞ്ചായത്തിന്റെയും  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ പദ്ധതി തയ്യാറാക്കും. വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കൈറ്റ്, ലൈബ്രറി കൗണ്‍സില്‍ വിവിധ വകുപ്പുകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക.  അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തുക വകയിരുത്തും.
60 വയസ്സ് കഴിഞ്ഞ സാക്ഷരതാ പഠിതാക്കളെ ആദരിക്കും. പത്താമുദയം പദ്ധതിയിലൂടെ 2800 പേര്‍ പത്താംതരം തുല്യതയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായുള്ള മലയാളം സാക്ഷരതാ പദ്ധതി ആന്തൂര്‍ നഗരസഭയില്‍ ആദ്യം ആരംഭിക്കും. ഇ-മുറ്റം ഡിജിറ്റല്‍ സാക്ഷരതാ പദ്ധതി കതിരൂര്‍ പഞ്ചായത്തില്‍ പൂര്‍ത്തിയായി. ട്രാന്‍സ്ജെന്റേഴ്സിനുള്ള സമന്വയ പദ്ധതിയില്‍ ആറ് പേര്‍ പഠനം നടത്തുന്നുണ്ട്. ആശ വര്‍ക്കര്‍മാര്‍ക്കുള്ള തുല്യത പരീക്ഷയില്‍ ഈ വര്‍ഷം മുഴുവന്‍ പേരും പാസ്സായി.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന്റെ ചേമ്പറില്‍ നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യന്‍, സ്ഥിരം സമിതി അധ്യക്ഷരായ അഡ്വ. കെ കെ രത്‌നകുമാരി, അഡ്വ. ടി സരള, യു പി ശോഭ, കൂത്തുപറമ്പ് നഗരസഭ അധ്യക്ഷ വി സുജാത, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എ വി അബ്ദുള്‍ ലത്തീഫ്, ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഷാജു ജോണ്‍, അസി. കോ ഓര്‍ഡിനേറ്റര്‍ ടി വി ശ്രീജന്‍, സാക്ഷരത സമിതി അംഗങ്ങളായ പയ്യന്നൂര്‍ കുഞ്ഞിരാമന്‍ മാസ്റ്റര്‍, വി ആര്‍ വി ഏഴോം, എന്‍ ടി സുധീന്ദ്രന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

മിഡ്‌നൈറ്റ് യൂണിറ്റി റണ്‍ നാലാം എഡിഷന്‍ മൂന്നിന്

റണ്‍ ഫോര്‍ യൂണിറ്റി എന്ന സന്ദേശവുമായി ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും സംയുക്തമായി നടത്തുന്ന കാനറ ബേങ്ക് മിഡ്‌നൈറ് യൂണിറ്റി റണ്ണിന്റെ നാലാം എഡിഷന്‍ ഫെബ്രുവരി മൂന്നിന് രാത്രി 11 മണിക്ക് നടക്കും. ലോക സര്‍വ മത സൗഹാര്‍ദ്ദ വാരഘോഷത്തോടനുബന്ധിച്ചാണ് ഏഴ് കിലോമീറ്റര്‍ ഓട്ടം. കലക്ടറേറ്റില്‍ നിന്ന് തുടങ്ങി താവക്കര, ഫോര്‍ട്ട് റോഡ്, പ്രഭാത് ജംഗ്ഷന്‍, സെന്റ് മൈക്കിള്‍സ് സ്‌കൂള്‍ റോഡ്, പയ്യാമ്പലം ഗസ്റ്റ് ഹൗസ്, പാത്ത് വേ, ശ്രീ നാരായണ പാര്‍ക്ക്, മുനീശ്വരന്‍ കോവില്‍, പഴയ ബസ്റ്റാന്റ്, ടൗണ്‍ സ്‌ക്വയര്‍, താലൂക്ക് ഓഫീസ് വഴി കലക്ടറേറ്റില്‍ സമാപിക്കും. അഞ്ച് പേരടങ്ങുന്ന ടീമായാണ് പങ്കെടുക്കേണ്ടത്. ഒരു ടീമിന് 500 രൂപയും സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികളുടെ ടീമിന് 250 രൂപയുമാണ് രജിസ്‌ട്രേഷന്‍ ഫീസ്. ഈ വര്‍ഷം യൂണിഫോം സര്‍വീസ് ടീമിനും സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികളുടെ ടീമിനും മുതിര്‍ന്ന പൗരന്‍മാരുടെ ടീമിനും സമ്മാനം നല്‍കും. വനിതാ ടീം, പുരുഷ ടീം, വനിതാ-പുരുഷ ടീം എന്നീ വിഭാഗത്തിലാണ് മുമ്പ് മത്സരം നടന്നിരുന്നത്.
ജില്ലയിലെ കാനറാ ബാങ്ക് റീജിയണല്‍ ഓഫീസിലും ബ്രാഞ്ചുകളിലും, റൂഡ്സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ ഓഫീസ് എന്നിവിടങ്ങളിലും രജിസ്റ്റര്‍ ചെയ്യാം. ഓണ്‍ലൈനായി
https://wearekannur.org/ എന്ന ലിങ്കിലും രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 0497 2706336, 2960336, 9447524545

ദേശീയ യുവജന ദിനാചരണം 

നെഹ്‌റു യുവകേന്ദ്ര പ്രഗതി വിദ്യാനികേതന്റെ സഹകരണത്തോടെ ദേശീയ യുവജന ദിനാചരണം സംഘടിപ്പിക്കുന്നു. ജനുവരി 12ന് ഉച്ചക്ക് 12.30ന് ഇരിട്ടി പ്രഗതി വിദ്യാനികേതനില്‍ സണ്ണി ജോസഫ് എം എല്‍ എ ഉദ്ഘാടനം ചെയ്യും. വിവിധ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസെടുക്കും. തുടര്‍ന്ന് ക്വിസ് മത്സരം, കലാപരിപാടികള്‍ എന്നിവ നടക്കും.

കൗണ്‍സലര്‍ നിയമനം

ജില്ലയിലെ ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ സ്ഥാപനങ്ങളിലെ താമസക്കാര്‍ക്ക് കൗണ്‍സലിങ് നല്‍കുന്നതിന് ജീവനക്കാരെ നിയമിക്കുന്നു. യോഗ്യത: എം എസ് ഡബ്ല്യു (മെഡിക്കല്‍ ആന്റ് സൈക്യാട്രിക് സോഷ്യല്‍ വര്‍ക്ക്)ന് മുന്‍ഗണന. ഇവരുടെ അഭാവത്തില്‍ എം എ/ എം എസ് സി സൈക്കോളജിയും 10 വര്‍ഷം പ്രവൃത്തി പരിചയവുമുള്ളവരെ പരിഗണിക്കും. ജനുവരി 22ന് രാവിലെ 11 മണിക്ക് കണ്ണൂര്‍ അസിസ്റ്റന്റ് കലക്ടറുടെ ചേമ്പറില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. യോഗ്യരായവര്‍ വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം ഹാജരാകണം. ഫോണ്‍: 8281999015

മെഡിക്കല്‍ ഓഫീസര്‍ നിയമനം

മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തില്‍ മെഡിക്കല്‍ ഓഫീസറെ നിയമിക്കുന്നു. താല്‍പര്യമുള്ളവര്‍ ജനുവരി 20ന് ഉച്ചക്ക് രണ്ട് മണിക്ക് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍, പകര്‍പ്പ് എന്നിവ കൊണ്ടുവരണം.

കൗണ്‍സലിങ്

സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ പിലാത്തറയിലെ റീച്ച് ഫിനിഷിങ് സ്‌കൂളില്‍ കൗണ്‍സലിങ് നല്‍കുന്നു. വനിതകള്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ക്ക് സേവനം ലഭ്യമാകും. ഫോണ്‍: 0497 2931572, 9496015018.

അപേക്ഷ ക്ഷണിച്ചു

സിഡിറ്റ് ഫാക്കല്‍റ്റി അംഗങ്ങളുടെ പാനല്‍ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അക്കാദമിക്/പരിശീലന പ്രവൃത്തികള്‍ക്കും കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പിലേക്കുമാണ് നിയമനം. വിശദ വിവരങ്ങള്‍ www.cdit.org/careers ലഭിക്കും. ജനുവരി 31നകം ഓണ്‍ലൈനായി അപേക്ഷ http://bit.ly/3RMdZe2 വഴി സമര്‍പ്പിക്കണം.

മിനിമം വേതന ഉപദേശക സമിതി യോഗം 16ന്

സ്വകാര്യ ആശുപത്രി തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനുള്ള തെളിവെടുപ്പ് യോഗം ജനുവരി 16ന് രാവിലെ 10 മണിക്ക് കണ്ണൂര്‍ റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. ജില്ലയിലെ തൊഴിലാളി-തൊഴിലുടമ പ്രതിനിധികള്‍ യോഗത്തില്‍ രേഖകള്‍ സഹിതം പങ്കെടുക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.

ആയൂര്‍വേദ, അലോപ്പതി മരുന്ന് നിര്‍മ്മാണ മേഖലയിലെയും, ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ മേഖലയിലെയും മിനിമം വേതനം പുതുക്കി നിശ്ചയിക്കല്‍ തെളിവെടുപ്പ് യോഗം ജനുവരി 16ന് രാവിലെ 11 മണിക്ക് കോഴിക്കോട് ഗാന്ധി റോഡിലെ കെ എസ് എസ് ഐ എ ഹാളില്‍ ചേരും. ജില്ലയിലെ തൊഴിലാളി-തൊഴിലുടമ പ്രതിനിധികള്‍ യോഗത്തില്‍ രേഖകള്‍ സഹിതം പങ്കെടുക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0497 2700353

തീയതി നീട്ടി

ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസില്‍ നിന്നും സിബിസി, പാറ്റേണ്‍ പദ്ധതിയില്‍ വായ്പ എടുത്ത്  കുടിശ്ശിക വരുത്തിയ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കുടിശ്ശിക തീര്‍പ്പാക്കുന്നതിനുള്ള അവസരം ജനുവരി 31 വരെ നീട്ടി. ഫോണ്‍: 0497 2700057. ഇമെയില്‍: poknr@kkvib.org

ഇന്റീരിയര്‍ ഡിസൈനിങ് കോഴ്‌സ്

കണ്ണൂര്‍ ഗവ. വനിത ഐ ടി ഐയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ ഇന്റീരിയര്‍ ഡിസൈനിങ് കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഓട്ടോ കാഡ്, ത്രീഡി മാക്സ്, വി റേ, ഓട്ടോ ഡെസ്‌ക്, രവിറ്റ് ആര്‍ക്കിടെക്ചര്‍ ആന്റ് അഡോബ് ഫോട്ടോഷോപ്പ് പ്രൊഫഷണല്‍ എന്നിവയിലാണ് പരിശീലനം. ഫോണ്‍: 9526811194, 9947016760.

ടെണ്ടര്‍

തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് മരുന്ന് വിതരണം ചെയ്യാന്‍ ടെണ്ടര്‍ ക്ഷണിച്ചു. ജനുവരി 30ന് ഉച്ചക്ക് 12.30 വരെ ടെണ്ടര്‍ സ്വീകരിക്കും. ഫോണ്‍: 0490 2322150

error: Content is protected !!