നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി; ബജറ്റ് തീയതിയില്‍ മാറ്റമില്ല

നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി. ഫെബ്രുവരി 15 ന് സഭ പിരിയും. വോട്ട് വോണ്‍ അക്കൗണ്ട് സഭ പാസാക്കി. ലോക്‌സഭാ തിരഞ്ഞെടുപ്പും കോണ്‍ഗ്രസിന്റെ ജാഥയും പരിഗണിച്ചാണ് നടപടി. എന്നാല്‍ ബജറ്റ് തീയതി മാറ്റണമെന്ന പ്രതിപക്ഷ ആവശ്യം തള്ളി.ജനുവരി 25 മുതല്‍ മാര്‍ച്ച് 27 വരെ സമ്പൂര്‍ണ്ണ ബജറ്റ് സമ്മേളനം ചേരാനായിരുന്നു നേരത്തെയുണ്ടായിരുന്ന ധാരണ. ഇന്ന് ചേര്‍ന്ന കാര്യോപദേശക സമിതിയില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മില്‍ വാക്‌പോരുണ്ടായി. സഭ വെട്ടിച്ചുരുക്കുന്നതുമായി ബന്ധപ്പെട്ട കാര്യം ചര്‍ച്ച ചെയ്യാനായി ചേര്‍ന്ന യോഗത്തിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.

യുഡിഎഫ് ജാഥ നടക്കുന്ന സാഹചര്യത്തില്‍ നിയമസഭാ സമ്മേളനം മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. ബജറ്റ് തീയതി ഫെബ്രുവരി അഞ്ചില്‍ നിന്നും രണ്ടിലേക്ക് മാറ്റുകയും ബജറ്റ് ചര്‍ച്ച ഫെബ്രുവരി 12,13, 15 തീയതികളില്‍ നിന്നും മാറ്റി അഞ്ച്, ആറ്, ഏഴ് തീയതികളില്‍ നടത്തണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാല്‍ ഈ ആവശ്യം സര്‍ക്കാര്‍ തള്ളുകയായിരുന്നു. തീയതി ഒരു കാരണവശാലും മാറ്റാനാകില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു. തുടര്‍ന്ന് സഭാ നടത്തിപ്പിനോട് പ്രതിപക്ഷം സഹകരിക്കുന്നുണ്ടെന്നും ആ സഹകരണം ഭരണപക്ഷം കാണിക്കുന്നില്ലെന്നും വിഡി സതീശന്‍ മറുപടി നല്‍കി.

എന്നാല്‍ പ്രതിപക്ഷത്തിന്റെ സഹകരണം നാട്ടുകാര്‍ കാണുന്നുണ്ടെന്നും ആ തരത്തില്‍ സംസാരിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. സമാനമായ രീതിയില്‍ മറുപടി നല്‍കി പ്രതിപക്ഷം കാര്യോപദേശ സമിതിയില്‍ നിന്നും ഇറങ്ങി പോവുകയായിരുന്നു. പ്രതിപക്ഷത്തിന്റെ അഭാവത്തിലാണ് സഭാ സമ്മേളനം വെട്ടിച്ചുരുക്കിയ തീരുമാനം എടുത്തത്.

error: Content is protected !!