പൊതുസ്ഥലത്ത് മാലിന്യം കത്തിച്ചു; കെ സ്മാര്‍ട്ട് വഴിയുള്ള കേരളത്തിലെ ആദ്യ പിഴ കണ്ണൂരില്‍

പൊതുസ്ഥലത്ത് മാലിന്യം കത്തിച്ചതിന് കെ -സ്മാർട്ട്‌ വഴി കേരളത്തിൽ ആദ്യമായി കണ്ണൂർ കോർപ്പറേഷനിൽ ഹോട്ടൽ ഉടമയിൽ നിന്ന് 25,000( ഇരുപത്തി അയ്യായിരം )രൂപ പിഴയിടാക്കി. ഒമ്പതാം തീയതി രാത്രി പള്ളിയാമൂലയിൽ ജനവാസ മേഖലയിൽ മാലിന്യം കത്തിക്കുന്നു വെന്ന് നാട്ടുകാർ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ഹെൽത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ എം പി രാജേഷ് അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ കണ്ണൂർ കോർപ്പറേഷൻ ആരോഗ്യ വിഭാഗം നൈറ്റ്‌ സ്ക്വാഡ് പരിസരവാസികളിൽ നിന്നും മൊഴി എടുക്കുകയും ഹോട്ടൽ കണ്ടെത്തുകയുമായിരുന്നു. പയ്യാമ്പലം അസറ്റ് ഹോമിലെ യുണൈറ്റഡ് കോക്കനട്ട് എന്ന ഹോട്ടലിലെ പ്ലാസ്റ്റിക് കടലാസ് മാലിന്യങ്ങളാണ് ജനവാസ മേഖലയിൽ കൂട്ടിയിട്ട് കത്തിച്ചതെന്ന് കണ്ടെത്തി യതിനെ തുടർന്നാണ് പിഴ ചുമത്തിയത്.

സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ കെ. അനുഷ്ക, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ സി.ഹംസ സി ആർ.സന്തോഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള നൈറ്റ് സ്ക്വാഡാണ് നടപടി എടുത്തത്. പൊതുസ്ഥലത്തെ മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെയും കത്തിക്കുന്നവർക്കെതിരെയും ഇത്തരത്തിലുള്ള കർശന നിയമനടപടി ഉണ്ടാകും. രാത്രിയും പകലും ഹെൽത്ത് ഇൻസ്പെക്ടർ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡ് ഇത്തരം നിയമലംഘനങ്ങൾ കണ്ടെത്താൻ കർശന പരിശോധന നടത്തുമെന്നും ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം പി രാജേഷ് അറിയിച്ചു.വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നുമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ തുടങ്ങിയ അജൈവ മാലിന്യങ്ങൾ ഹരിത കർമ്മസേനക്ക് കൈമാറണമെന്നും ആണ് നിയമം. പൊതു സ്ഥലത്ത് പ്ലാസ്റ്റിക് ആണെങ്കിലും കടലാസ് ആണെങ്കിലും തീ ഇടുന്നത് ഇത്തരത്തിൽ പിഴ അടക്കേണ്ടകുറ്റമായി മാറിയിട്ടുണ്ട്.

error: Content is protected !!