വടകരയിൽ കടമുറിക്കുള്ളിൽ കണ്ടെത്തിയ തലയോട്ടിയും അസ്ഥികളും കൊയിലാണ്ടി സ്വദേശിയുടേതെന്നു സംശയം

വടകര കുഞ്ഞിപ്പള്ളിയിൽ കടമുറിക്കുള്ളിൽ നിന്ന് കണ്ടെത്തിയ തലയോട്ടിയും അസ്ഥിയും കൊയിലാണ്ടി സ്വദേശിയുടേതെന്ന് സംശയം. മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തിയ മുറിയിൽ നിന്ന് മൊബൈൽ ഫോണും കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട പരിശോധനയിലാണ് കൊയിലാണ്ടി സ്വദേശിയാകാം മരിച്ചതെന്ന സൂചനകൾ ലഭിച്ചത്. മൃതദേഹത്തിന് സമീപത്ത് കിടന്ന വസ്ത്രത്തിന് അകത്തായിരുന്നു മൊബൈൽ ഫോൺ. ഇത് കൊയിലാണ്ടി സ്വദേശിയുടേതാണ്. ഇയാളെ കുറിച്ച് ഏറെ നാളായി വിവരമൊന്നും ലഭ്യമല്ലെന്ന് ബന്ധുക്കൾ പൊലീസിനോട് പറഞ്ഞു.

ദേശീയ പാതാ വികസനത്തിന്‍റെ ഭാഗമായുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി തൊഴിലാളികള്‍ കുഞ്ഞിപ്പള്ളി ടൗണിലെ കെട്ടിടങ്ങള്‍ പൊളിച്ചു നീക്കുമ്പോഴാണ്, അടച്ചിട്ട കടമുറിക്കുള്ളില്‍ തലയോട്ടിയും അസ്ഥിയുടെ ഭാഗങ്ങളും കണ്ടെത്തിയത്. കടമുറിക്കുള്ളില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്ക് ഇടയിലായിരുന്നു തലയോട്ടി. തൊഴിലാളികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ചോമ്പാല പോലീസ് സ്ഥലത്തെത്തി, പോലീസ് നടത്തിയ പരിശോധനയിലാണ് തൊട്ടടുത്ത മുറിയില്‍ നിന്നും വാരിയെല്ലിന്‍റെ ഭാഗങ്ങള്‍  കണ്ടെത്തിയത്. മുമ്പ് ഹോട്ടലായി പ്രവര്‍ത്തിച്ചിരുന്ന ഈ കടമുറികള്‍  ഒരു വര്‍ഷമായി അടച്ചിട്ട നിലയിലായിരുന്നു. ഫോറന്‍സിക് വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. രണ്ട് വര്‍ഷം മുമ്പ് കുന്നുമ്മക്കര സ്വദേശി ദേശീയ പാതാ അതോറിറ്റിക്ക് കൈമാറിയതാണ് കെട്ടിടം.

error: Content is protected !!