ലൈബീരിയൻ കപ്പല്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്തു; രക്ഷിക്കാന്‍ നാവികസേന, ഇന്ത്യക്കാർ സുരക്ഷിതർ

അറബിക്കടലില്‍ ലൈബീരിയന്‍ പതാക വച്ച കപ്പല്‍ സൊമാലിയന്‍ തീരത്ത് നിന്നും കൊള്ളക്കാര്‍ തട്ടിയെടുത്തു.

ഇന്നലെ വൈകിട്ടാണ് ആയുധധാരികളായ ആറംഗസംഘം കപ്പലില്‍ കയറിയെന്ന വിവരം പുറത്ത് വരുന്നത്. എം വി ലൈല നോര്‍ഫോക് എന്ന ചരക്കുകപ്പലാണ് തട്ടിയെടുത്തത്. കപ്പലിൽ 15 ഇന്ത്യക്കാരുണ്ട്. ഇവർ സുരക്ഷിതരാണെന്നാണ് വിവരം. നാവികസേനയുടെ ദീര്‍ഘദൂര നിരീക്ഷണ വിമാനമായ പി 81 നിരീക്ഷണ വിമാനം ചരക്കുകപ്പലുമായി ബന്ധം സ്ഥാപിച്ചിട്ടുണ്ട്.

യുകെഎംടിഒ പോര്‍ട്ടിലേയ്ക്കാണ് ഇത് സംബന്ധിച്ച് കപ്പലില്‍ നിന്ന് സന്ദേശം ലഭിച്ചത്. ഉടന്‍ തന്നെ ഇന്ത്യന്‍ നാവികസേന രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തിറങ്ങുകയായിരുന്നു. തട്ടിയെടുത്ത കപ്പലിന് സഹായത്തിനായി ഐഎന്‍എസ് ചെന്നൈയും വിമാനങ്ങളും ഇന്ത്യന്‍ നാവിക സേന വിന്യസിച്ചിട്ടുണ്ട്.

ഇന്ന് രാവിലെ വിമാനങ്ങള്‍ തട്ടിക്കൊണ്ടുപോയ വിദേശ കപ്പലിന് മുകളിലൂടെ പറന്നു. കപ്പലിന്റെ സുരക്ഷ ഉറപ്പാക്കാന്‍ നിരന്തരം അവരുമായി നാവികസേന ആശയവിനിമയം നടത്തിവരുന്നുണ്ട്. പ്രദേശത്തെ മറ്റ് ഏജന്‍സികളുമായി ചേര്‍ന്ന് സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നതായും നാവികസേന അറിയിച്ചു.

error: Content is protected !!