ചരക്ക് കപ്പലുകൾക്ക് നേരെയുള്ള ആക്രമണം; അറബിക്കടലിൽ നിരീക്ഷണം ശക്തമാക്കി ഇന്ത്യൻ നാവികസേന

ചെങ്കടൽ, ഏദൻ ഉൾക്കടൽ, അറബിക്കടൽ എന്നിവിടങ്ങളിലൂടെ കടക്കുന്ന ചരക്കു കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ മധ്യ-വടക്കൻ അറബിക്കടലിലെ നിരീക്ഷണം ശക്തമാക്കി ഇന്ത്യൻ നാവികസേന. ചരക്കു കപ്പലുകൾക്ക് സുരക്ഷ ഏർപ്പെടുത്തുന്നതിനായി ഡിയ്‌ട്രോയറുകളും ഫ്രിഗേറ്റുകളും ഉൾപ്പെടുന്ന ടാസ്‌ക് ഗ്രൂപ്പുകളേയും നാവികസേന വിന്യസിച്ചിട്ടുണ്ട്.

പി-18, ലോങ് റേഞ്ച് മാരിടൈം പട്രോൾ എയർക്രാഫ്റ്റ് കൂടാതെ റിമോട്ട്‌ലി പൈലറ്റഡ് എയർക്രാഫ്റ്റ് (RAPs) ഉം സുരക്ഷയ്ക്കായി രംഗത്തുണ്ട്. കോസ്റ്റ്ഗാർഡുമായി സഹകരിച്ചാണ് നാവികസേനയുടെ സുരക്ഷാപ്രവർത്തനങ്ങൾ. അറബിക്കടൽ മേഖലയിലെ സുരക്ഷ വർധിപ്പിക്കുന്നതിനും പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ നാവികസേനാ മേധാവി അഡ്മിറൽ ആർ ഹരി കുമാർ നിർദേശം നൽകിയതായി നാവികസേനാ ഉദ്യോഗസ്ഥർ അറിയിച്ചു.

രാജ്യാന്തര കപ്പൽപാതയിലൂടെ കടന്നുപോകുന്ന ചരക്കു കപ്പലുകൾക്കു നേരെ കഴിഞ്ഞ കുറച്ചു ആഴ്ചകളായി നിരവധിതവണ ആക്രമണം നേരിടേണ്ടിവന്ന സാഹചര്യത്തിലാണു നാവികസേന സുരക്ഷ കർശനമാക്കിയത്. അറബിക്കടലിലെ ഇന്ത്യൻ സമുദ്രാതിർത്തിയിൽ വെച്ച് എംവി ചെം പ്ലൂട്ടോ (MV Chem Pluto) എന്ന ഓയിൽ ടാങ്കറിന് നേർക്ക് ഡ്രോൺ ആക്രമണം ഉണ്ടായതിന് പിന്നാലെയാണ് സുരക്ഷ ശക്തമാക്കിയത്.

error: Content is protected !!