‘ഇവിഎമ്മുകളിൽ പൂർണ വിശ്വാസം’: കോൺഗ്രസ് ആരോപണങ്ങൾ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ

വിവിപാറ്റിലും, ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളെക്കുറിച്ചും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് ഉയർത്തിയ ആരോപണങ്ങൾ തള്ളി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ ഉപയോഗത്തിൽ പൂർണ വിശ്വാസമുണ്ട്. കോൺഗ്രസിന്റെ കത്തിൽ പുതിയതായി ഒന്നുമില്ലെന്നും കമ്മീഷൻ വ്യക്തമാക്കി.

ഇവിഎമ്മുകളെക്കുറിച്ചും വിവിപാറ്റുകളെക്കുറിച്ചും വ്യക്തത വരുത്താൻ മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേഷ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർക്ക് കത്ത് നൽകിയിരുന്നു. വിവിപാറ്റ് സ്ലിപ്പ് വോട്ടർമാർക്കു കൈമാറി പ്രത്യേക പെട്ടിയിൽ നിക്ഷേപിക്കാൻ അനുവദിക്കണമെന്നായിരുന്നു ആവശ്യം. ഈ കത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ മറുപടി. ഇവിഎമ്മിൽ പിഴവുകളോ ക്രമക്കേടുകളോ ഇല്ല. സുപ്രീം കോടതി ഉൾപ്പെടെ രാജ്യത്തെ വിവിധ കോടതികളിൽ പലതവണ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഈ ആശങ്കകൾ നേരത്തേ പരിഹരിച്ചതാണെന്നും പുതുതായി ഒന്നുമില്ലെന്നും കമ്മിഷൻ പറഞ്ഞു.

രാജ്യത്തെ തിരഞ്ഞെടുപ്പുകളിൽ നിലവിൽ ഉപയോഗിക്കുന്ന വോട്ടിംഗ് മെഷീനുകൾക്ക് രൂപം കൊടുത്തത് അന്നത്തെ കേന്ദ്രസർക്കാരാണ്. നിലവിലെ ശക്തമായ നിയമചട്ടക്കൂടുകൾക്ക് ഉള്ളിൽ നിന്ന് കൊണ്ടാണ് ഇവ ഉപയോഗിക്കുന്നത്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾക്കുള്ളിൽ മൈക്രോ കൺട്രോളർ കാർഡുകൾ ഉണ്ട്. ഏതെങ്കിലും തരത്തിലുള്ള കൃത്രിമം കാണിക്കാൻ ശ്രമിച്ചാൽ ഉടനെ തന്നെ യന്ത്രം പ്രവർത്തനരഹിതമാകും. ഒരു തെളിവുമില്ലാതെയാണ് വോട്ടിംഗ് യന്ത്രത്തിനുനേരേ ആരോപണമുന്നയിക്കുന്നത്. ഓരോ കേന്ദ്രസർക്കാരിന്റെ കാലത്തും യന്ത്രത്തിന്റെ സുരക്ഷയും പ്രവർത്തനവും മികച്ചതാക്കാൻ നപടിയെടുത്തിട്ടുണ്ടെന്നും കമ്മിഷൻ പറഞ്ഞു.

error: Content is protected !!