അന്‍സില്‍ ജലീലിനെതിരായ വ്യാജ വാര്‍ത്ത: വിമര്‍ശനവുമായി വി ഡി സതീശന്‍

കെഎസ് യു സംസ്ഥാന കണ്‍വീനര്‍ അന്‍സില്‍ ജലീലിനെതിരെ വ്യാജ വാര്‍ത്ത നല്‍കിയതില്‍ സിപിഐഎം മുഖപത്രം ദേശാഭിമാനിക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സിപിഐഎമ്മിന്റെ അറിവോടെയാണ് ദേശാഭിമാനി വ്യാജ വാര്‍ത്ത നല്‍കിയത്. അന്‍സില്‍ ജലീലിനെതിരായ കേസ് പച്ചക്കള്ളമാണെന്ന് തെളിഞ്ഞു. കെ എസ് യു നേതാവിനെ സിപിഐഎം അപകീര്‍ത്തിപ്പെടുത്തിയെന്നും വ്യാജ വാര്‍ത്ത നല്‍കിയ ലേഖകനെ പിരിച്ചുവിടണമെന്നും വി ഡി സതീശന്‍ പറഞ്ഞു. ദേശാഭിമാനിയില്‍ വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ അന്‍സില്‍ ജലീലനെതിരെ നല്‍കിയ പരാതിയില്‍ കഴമ്പില്ലെന്നും കേസ് അവസാനിക്കുകയാണന്നും പോലീസ് കോടതിയെ അറിയിക്കുകയായിരുന്നു. വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയ ദേശാഭിമാനിക്ക് എതിരെ അന്വേഷണം നടത്തണമെന്നാണ് കെഎസ്യുവിന്റെ ആവശ്യം.

എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ, എസ്എഫ്‌ഐ കായംകുളം ഏരിയ പ്രസിഡണ്ട് ആയിരുന്ന നിഖില്‍ തോമസ് തുടങ്ങിയ നേതാക്കള്‍ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്ന ഘട്ടത്തിലാണ് കെഎസ്എയു സംസ്ഥാന കണ്‍വീനര്‍ക്കെതിരെയും പരാതി വന്നത്. അന്‍സില്‍ ജലീല്‍ കേരള യൂണിവേഴ്‌സിറ്റിയുടെ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചെന്നായിരുന്നു പ്രചാരണം. ദേശാഭിമാനിയില്‍ വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ അജിത് അജയ് എന്നയാള്‍ കേരള യൂണിവേഴ്‌സിറ്റിക്ക് പരാതി നല്‍കി. യൂണിവേഴ്‌സിറ്റി പരാതി ഡിജിപിക്ക് കൈമാറുകയും തിരുവനന്തപുരം കന്റോന്‍മെന്റ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. അന്‍സിലിന് എതിരെ ഗുരുതര വകുപ്പുകള്‍ ചുമത്തി അന്വേഷണം നടത്തിയെങ്കിലും ഒരു തെളിവും ലഭിച്ചില്ല. ഇതോടെയാണ് കേസ് അവസാനിപ്പിക്കുന്നുവെന്ന് പൊലീസ് തിരുവനന്തപുരം ജൂഢീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെ അറിയിച്ചത്.

അന്‍സില്‍ ജലീലിന് പൊലീസ് ക്ലീന്‍ ചിറ്റ് നല്‍കിയതിന് പിന്നാലെ ദേശാഭിമാനിക്കെതിരെ കെഎസ്യു ഡിജിപിക്ക് പരാതി നല്‍കി. വ്യാജ വാര്‍ത്തയില്‍ അന്വേഷണം നടത്തണമെന്നാണ് ആവശ്യം. എസ്എഫ്‌ഐ നേതാക്കളുടെ വ്യാജ ഡിഗ്രി വിവാദത്തിനിടെയാണ് പ്രതിരോധവുമായി പാര്‍ട്ടി മുഖപത്രം കെഎസ്യു നേതാവിനെതിരായി വാര്‍ത്ത ഒന്നാം പേജില്‍ തന്നെ പ്രസിദ്ധീകരിച്ചത്. വാര്‍ത്ത വ്യാജമാണെന്ന് പൊലീസ് തന്നെ റിപ്പോര്‍ട്ട് നല്‍കിയതോടെ പാര്‍ട്ടിയുടെയും ദേശാഭിമാനിയുടെയും വാദങ്ങള്‍ കൂടിയാണ് പൊളിഞ്ഞത്. സിപിഐഎം എന്ന പാര്‍ട്ടി എത്രമാത്രം ജീര്‍ണിച്ചുവെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് പിണറായി വിജയനെ സ്തുതിച്ചുകൊണ്ടുള്ള ഗാനമെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. മോദി കേന്ദ്രത്തില്‍ ചെയ്യുന്നതും ഇതേ കാര്യമാണ്. അതേസമയം തൃശൂരില്‍ പ്രധാനമന്ത്രി പ്രസംഗിച്ച സ്ഥലത്ത് ചാണകവെള്ളം തളിച്ച് പ്രതിഷേധിക്കാനുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ശ്രമത്തെ കുറിച്ചുള്ള ചോദ്യത്തില്‍ നിന്ന് പ്രതിപക്ഷ നേതാവ് ഒഴിഞ്ഞുമാറി. അത് ചെയ്തത് അവിടുത്തെ കുട്ടികളാണ്, അല്ലാതെ കോണ്‍ഗ്രസ് നേതൃത്വമോ യുഡിഎഫോ അല്ല. പിന്നെ താനെന്ത് പറയാനാണ് എന്നായിരുന്നു വി ഡി സതീശന്റെ മറുപടി.

 

error: Content is protected !!