മണിപ്പൂരിൽ വീണ്ടും സംഘർഷം; വിറക് ശേഖരിക്കാൻ പോയ അച്ഛനും മകനുമടക്കം നാലു പേരെ കാണാതായി

മണിപ്പൂരിൽ വീണ്ടും സംഘർഷം. ചുരാചന്ദ്പൂർ അതിർത്തിയിൽ കുക്കി സായുധ ഗ്രൂപ്പുകളും തീവ്ര മെയ്തേയ് സംഘടനയും തമ്മിലാണ് സംഘർഷമുണ്ടായത്. വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്ക്. അതിനിടെ, ബിഷ്ണുപൂരിൽ നാലുപേരെ കാണാതായി.ഇന്നലെ രാത്രിയും ഇന്നു രാവിലെയും മണിപ്പൂരിൽ വിവിധയിടങ്ങളിൽ വെടിവയ്പുണ്ടായി. അതിർത്തി ജില്ലകളായ ബിഷ്ണുപൂർ, ചുരാചന്ദ്പൂർ എന്നിവിടങ്ങളിലാണ് വെടിവയ്പ്പ് നടന്നത്. ചുരാചന്ദ്പൂരിൽ കുക്കി ഗ്രൂപ്പുകളും തീവ്ര മെയ്തേയ് സംഘടനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നാല് പേർ കൊല്ലപ്പെട്ടു. മെയ്തേയ് സമുദായത്തിൽപ്പെട്ടവരാണ് മരിച്ചത്. പ്രദേശത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തി. മേഖലയിൽ കൂടുതൽ സൈനിക വിന്യാസം ഉറപ്പാക്കിയിട്ടുണ്ട്. ബിഷ്ണുപൂരിൽ മലനിരകൾക്കു സമീപം വിറക് ശേഖരിക്കാൻ പോയ അച്ഛനും മകനുമടക്കം നാലു പേരെ കാണാതായി.മെയ്തേയ് സമുദായത്തിൽപ്പെട്ട എ ദാരാ സിംഗ്, ഒ റോമൻ, ടി ഇബോംച, മകൻ ടി ആനന്ദ് എന്നിവരെ ഇന്നലെ മുതൽ കാണാതായതായി വാംഗൂ ഗ്രാമവാസികൾ പറഞ്ഞു.

ആയുധധാരികളായ കുക്കി വിഭാഗമാണ് ഇവരെ തട്ടിക്കൊണ്ടുപോകുകയോ കൊലപ്പെടുത്തുകയോ ചെയ്തതെന്നാണ് നിഗമനം. ഇവർക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്. അതിനിടെ ലീമാഖോങ് പവർ സ്റ്റേഷനിൽ വൻ ഇന്ധന ചോർച്ചയുണ്ടായ സംഭവത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ മണിപ്പൂർ സർക്കാർ ബന്ധപ്പെട്ട എല്ലാ വകുപ്പുകളോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഇംഫാൽ താഴ്വരയിലൂടെ കടന്നുപോകുന്ന അരുവികളിലേക്കാണ് ഇന്ധനം ഒഴുകിയെത്തിയതെന്നാണ് റിപ്പോർട്ട്. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ചോർച്ചയെ തുടർന്ന് ചിലയിടങ്ങളിൽ തീപിടിത്തമുണ്ടായതായും റിപ്പോർട്ടുണ്ട്.

error: Content is protected !!