ദുരിതാശ്വാസ നിധി വകമാറ്റൽ; മുഖ്യമന്ത്രിക്കും ലോകായുക്തയ്ക്കും ഹൈക്കോടതി നോട്ടീസ്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയ കേസിൽ ലോകായുക്ത വിധിക്കെതിരായ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. മുന്‍ മന്ത്രിമാര്‍ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. മുഖ്യമന്ത്രി പിണറായി വിജയനും ഹൈക്കോടതി കത്തയക്കും. ലോകായുക്ത ഉത്തരവ് ചോദ്യം ചെയ്ത് ആർ എസ് ശശികുമാർ നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ചാണ് കേസ് പരിഗണിച്ചത്. ദുരിതാശ്വാസ നിധി വകമാറ്റിയെന്ന ആരോപണത്തിൽ പരാതി നിലനിൽക്കില്ലെന്ന ലോകായുക്ത ഉത്തരവ് നിയമവിരുദ്ധമാണെന്നാണ് ഹർജിയിലെ വാദം. ദുരിതാശ്വാസ നിധിയിൽ നിന്ന് മാനദണ്ഡങ്ങള്‍ ലംഘിച്ച് രാഷ്ട്രീയക്കാർക്ക് പണം നല്‍കിയെന്നാണ് ആർ എസ് ശശികുമാറിന്റെ പരാതി.

ദുരിതാശ്വാസനിധിയില്‍ നിന്ന് അനര്‍ഹര്‍ക്ക് സാമ്പത്തിക സഹായം നല്‍കിയെന്ന് ആരോപിച്ച് മുഖ്യമന്ത്രിക്കും കഴിഞ്ഞ ഇടതു സര്‍ക്കാരിലെ 18 മന്ത്രിമാര്‍ക്കും എതിരെയായിരുന്നു ഹര്‍ജി. എന്‍സിപി നേതാവായിരുന്ന ഉഴവൂര്‍ വിജയന്റെ കുടുംബത്തിന് 25 ലക്ഷവും അന്തരിച്ച എംഎല്‍എ കെ കെ രാമചന്ദ്രന്റെ കുടുംബത്തിന് എട്ടരലക്ഷം രൂപയും കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തില്‍പ്പെട്ട് മരിച്ച സിവില്‍ പൊലീസ് ഓഫീസറുടെ കുടുംബത്തിന് 20 ലക്ഷം രൂപയും അനുവദിച്ചത് ചോദ്യം ചെയ്തായിരുന്നു പരാതി

error: Content is protected !!