പൊലീസ് സ്‌റ്റേഷൻ ഉപരോധം; കോണ്‍ഗ്രസ് നേതാക്കൾക്കെതിരെ കലാപാഹ്വാനത്തിന് കേസ്

പാലാരിവട്ടം പൊലീസ് സ്‌റ്റേഷൻ ഉപരോധിച്ച കോണ്‍ഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്. കോൺഗ്രസ് നേതാക്കൾക്കെതിരെ കലാപാഹ്വാനത്തിനാണ് കേസെടുത്തിരിക്കുന്നത്. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെ ഒന്നാം പ്രതിയാക്കി ഹൈബി ഈഡൻ എം പി, മറ്റ് മൂന്ന് എംഎൽഎമാർ, നേതാക്കൾ അടക്കം പുറമെ കണ്ടാൽ അറിയാവുന്ന 75 പേർക്കെതിരെയാണ് കേസ്. സ്റ്റേഷൻ കത്തിച്ച് കളയുമെന്ന് നേതാക്കൾ ഭീഷണിമുഴക്കിയെന്നാണ് എഫ്ഐആറിൽ പരാമർശിക്കുന്നത്.

നവകേരള ബസിന് നേരെ കരിങ്കൊടി കാണിച്ചതിന് കസ്റ്റഡിയിലെടുത്ത പ്രവര്‍ത്തകരെ ജാമ്യത്തില്‍ വിടാത്തതിനെ തുടർന്നാണ് കോണ്‍ഗ്രസ് പ്രവർത്തകർ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചത്. പ്രതിഷേധത്തെ തുടര്‍ന്ന് സംഘര്‍ഷമുണ്ടാവുകയും റോഡ് ഉപരോധിക്കുകയും ചെയ്തു. എംഎല്‍എമാരായ ടി ജെ വിനോദ്, ഉമ തോമസ്, ഹൈബി ഈഡന്‍ എംപി എന്നിവരടക്കം പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ കുത്തിയിരുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തത് സിപിഎമ്മിന് ഒത്താശ ചെയ്യാനാണെന്നാണ് എംഎല്‍എമാര്‍ ആരോപിച്ചത്.

പുലർച്ചെ മൂന്ന് മണി വരെ തുടർന്ന സമരം കോൺഗ്രസ്‌ പ്രവർത്തകരുടെ നിർബന്ധത്തിന് വഴങ്ങി ഏഴു പ്രവർത്തകരെയും മജിസ്‌ട്രേറ്റിൻ്റെ വീട്ടിൽ ഹാജരാക്കിയാണ് ജാമ്യമെടുത്തതോടെയാണ് അവസാനിപ്പിച്ചത്. പോലീസിൻ്റെ ചാർജ് ഷീറ്റ് തള്ളി കോടതി ജാമ്യം കൊടുക്കുകയായിരുന്നു. കേരളത്തിൽ രണ്ട് നീതിയാണ് നടപ്പിലാക്കുന്നത്. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാൻ കഴിയാത്ത അവസ്ഥയാണ് ഉളളതെന്ന് സംഭവത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതികരിച്ചു.

error: Content is protected !!