ഗവര്‍ണര്‍ക്കെതിരായ കരിങ്കൊടി പ്രതിഷേധം; എസ്എഫ്‌ഐയുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

ഗവര്‍ണര്‍ക്കെതിരായ കരിങ്കൊടി പ്രതിഷേധ കേസിൽ പ്രതി ചേർക്കപ്പെട്ട എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഹൈക്കോടതിയിൽ നൽകിയ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. എസ്എഫ്‌ഐ പ്രവര്‍ത്തകരായ യദു കൃഷ്ണന്‍, ആഷിക് പ്രദീപ്, ആശിഷ് ആര്‍ജി എന്നിവരുടെ ജാമ്യാപേക്ഷയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.

തിരുവനന്തപുരം പാളയത്ത് ഗവര്‍ണറെ കരിങ്കൊടി കാട്ടി വാഹനം തടഞ്ഞുവെന്നാണ് കൻ്റോൺമെൻ്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ്. കേരള സര്‍വകലാശാല സെനറ്റിലേക്ക് സംഘപരിവാര്‍ അനുകൂലികളെ നിയമിച്ചതിനെതിരെയായിരുന്നു ഡിസംബര്‍ 11ന് എസ്എഫ്ഐ പ്രതിഷേധം നടത്തിയത്. ജസ്റ്റിസ് സി എസ് ഡയസ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.

സര്‍വ്വകലാശാലകളുടെ ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ക്കെതിരെ വലിയ പ്രതിഷേധമാണ് എസ്എഫ്ഐ ഉയര്‍ത്തുന്നത്. സർവകലാശാലകളിൽ സംഘപരിവാർ ശക്തികളെ തിരുകിക്കയറ്റാൻ ഗവർണർ ശ്രമിക്കുന്നുവെന്നാരോപിച്ച് എസ്എഫ്ഐ കാലിക്കറ്റ് സർവ്വകലാശാലയിൽ നടത്തിയ പ്രതിഷേധം സംഘർഷത്തിലാണ് അവസാനിച്ചത്.

എസ്എഫ്ഐയെയും പൊലീസിനെയും നിയന്ത്രിക്കുന്നത് ഒരു പാർട്ടിയാണെന്ന വിമർശനം ഗവർണർ ഉന്നയിച്ചിരുന്നു. വാഹനത്തിന് അടുത്ത് പ്രതിഷേധിച്ചാൽ താൻ ഇനിയും പുറത്ത് ഇറങ്ങുമെന്നും ഗവർണർ നിലപാടാവർത്തിച്ചിരുന്നു. ഇതിനിടെ പുതുവത്സര ദിനത്തോടനുബന്ധിച്ച് പയ്യാമ്പലം ബീച്ചിൽ പപ്പാഞ്ഞി മാതൃകയിൽ എസ്എഫ്ഐ ഗവർണറുടെ കോലം കത്തിച്ചത് വിവാദമായി. എസ്എഫ്ഐ സംസ്ഥാന പ്രസിഡൻ്റ് അനുശ്രീ അടക്കം നാല് പേർക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.

error: Content is protected !!