ആശ വര്‍ക്കര്‍മാര്‍ക്കും എന്‍എച്ച്എമ്മിനുമായി 99 കോടി അനുവദിച്ചു: മന്ത്രി കെ എന്‍ ബാലഗോപാല്‍

ആശ വര്‍ക്കര്‍മാരുടെ ഹോണറേറിയം വിതരണത്തിനും ദേശീയ ആരോഗ്യ മിഷനു(എന്‍എച്ച്എം)മായി 99.16 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. ഈ ഇനത്തില്‍ 24.16 കോടി രൂപയാണ് ബജറ്റ് വിഹിതമായി അവശേഷിച്ചിരുന്നത്. എന്‍എച്ച്എമ്മിന് കേന്ദ്ര വിഹിതം നിഷേധിക്കുന്ന സാഹചര്യത്തില്‍ അധിക വിഹിതമായി 75 കോടി രൂപകൂടി ലഭ്യമാക്കുകയാണെന്ന് ധനമന്ത്രി വ്യക്തമാക്കി.

മിഷന് കേന്ദ്ര വിഹിതവും സംസ്ഥാനം മുന്‍കൂര്‍ നല്‍കേണ്ട സ്ഥിതിയാണ്. കേന്ദ്ര വിഹിതം 371 കോടി രൂപ ലഭ്യമാക്കുമെന്നാണ് അറിയിച്ചിരുന്നത്. ഇത് നാലു ഗഡുക്കളായി അനുവദിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിപ്പിലുണ്ടായിരുന്നു. സാമ്പത്തിക വര്‍ഷത്തില്‍ പത്തു മാസം കഴിഞ്ഞിട്ടും ഒരു രൂപപോലും കേന്ദ്രം നല്‍കിയിട്ടില്ല. സംസ്ഥാന വിഹിതമായി 228 കോടി രുപയും, കേന്ദ്ര വിഹിതം മുന്‍കൂറായി 236.66 കോടി രൂപയും നേരത്തെ സംസ്ഥാനം നല്‍കിയിരുന്നു. കേന്ദ്ര വിഹിതം ലഭിക്കാത്തതിനാല്‍ മരുന്നിന്റെ പണം അടക്കം സമയത്തിന് നല്‍കാനാകാത്ത സ്ഥിതിയുണ്ട്. ആശ വര്‍ക്കര്‍മാരുടെ പ്രതിഫലം, 108 ആബുലന്‍സ് ജീവനക്കാരുടെ വേതനം ഉള്‍പ്പെടെ കുടിശികയാകുന്ന സാഹചര്യത്തിലാണ് സംസ്ഥാന ഇടപെടല്‍.

കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ച ബ്രാന്‍ഡിങ് നടപ്പാക്കുന്നില്ലെന്ന പേരിലാണ് എന്‍എച്ച്എമ്മിന് സമ്മതിച്ച തുകപോലും കേന്ദ്രം തടഞ്ഞുവയ്ക്കുന്നത്. കേന്ദ്ര വിഹിതമുള്ളതും ഏതെങ്കിലും തരത്തില്‍ കേന്ദ്ര സഹായമുള്ളതുമായ പദ്ധതികളിലെല്ലാം കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന പ്രചരണ സാമഗ്രികള്‍ ഉപയോഗിക്കണമെന്ന് നിര്‍ബന്ധം പിടിക്കുന്നു. ഈ സാഹചര്യത്തിലാണ് പദ്ധതിയുടെ കേന്ദ്ര വിഹിതം സംസ്ഥാനം മൂന്‍കൂര്‍ നല്‍കുന്നത്.

error: Content is protected !!