ഗുസ്തി ഫെഡറേഷൻ്റെ നടത്തിപ്പിനായി അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചു

ഗുസ്തി ഫെഡറേഷന്റെ താൽക്കാലിക നടത്തിപ്പിനായി അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചു. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ ആണ് കമ്മിറ്റി രൂപീകരിച്ചത്. ഭൂപീന്ദർ സിംഗ് ബജ്വ കമ്മിറ്റി ചെയർമാനാണ്.

ഗുസ്തി താരങ്ങൾക്കെതിരായ ലൈംഗികാതിക്രമക്കേസിൽ, ഗുസ്തി ഫെഡറേഷൻ ചെയർമാൻ ബ്രിജ്ഭൂഷൺ സിംഗ് പ്രതി ചേർക്കപ്പെട്ടതോടെ കമ്മറ്റി പിരിച്ചുവിട്ടിരുന്നു. പിന്നീട് പലതവണ മാറ്റിവച്ച തെരഞ്ഞെടുപ്പ് ഈ മാസം 21നാണ് നടന്നത്. എന്നാൽ, തെരഞ്ഞെടുപ്പ് ബ്രിജ്ഭൂഷൺ ഹൈജാക്ക് ചെയ്യുകയാണെന്ന് ആരോപണമുയർന്നു. മുൻ ചെയർമാൻ്റെ അടുത്ത അനുയായികളിൽ പലരും മത്സര രംഗത്തുണ്ടായിരുന്നു. തെരഞ്ഞെടുപ്പിൽ ഗുസ്തി ഫെഡറേഷൻ തലപ്പത്തെത്തിയത് ബ്രിജ് ഭൂഷന്റെ വിശ്വസ്തൻ സഞ്ജയ് സിംഗ്. ഇതിന് പിന്നാലെ തങ്ങൾക്ക് നീതി ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി സാക്ഷി മാലിക് ഗുസ്തി കരിയർ അവസാനിപ്പിച്ചു. മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞുകൊണ്ട് ഏറെ വൈകാരികമായായിരുന്നു സാക്ഷിയുടെ പടിയിറങ്ങൽ. തീർത്തും അപ്രതീക്ഷിതമായി തന്റെ ബൂട്ട്‌സുകൾ പ്രസ് ക്ലബ്ബിൽ ഉപേക്ഷിച്ച് കരഞ്ഞുകൊണ്ട് സാക്ഷി വിരമിക്കുകയായിരുന്നു. ഗുസ്തി താരങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ കേന്ദ്രം പാലിച്ചില്ലെന്ന് സാക്ഷി കുറ്റപ്പെടുത്തി.

ഗുസ്തി ഫെഡറേഷൻ പ്രസിഡന്റായി ഒരു വനിതയെ തെരഞ്ഞെടുക്കണമെന്ന് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടില്ലെന്ന് സാക്ഷി മാലിക് ചൂണ്ടിക്കാട്ടി. ഫെഡറേഷനെതിരായ പോരാട്ടം വരും തലമുറ തുടരുമെന്നും സാക്ഷി മുന്നറിയിപ്പ് നൽകി. 40 ദിവസത്തോളം തങ്ങൾ തെരുവിൽ സമരം ചെയ്‌തെന്നും എന്നിട്ടും ഗുസ്തി ഫെഡറേഷൻ തെരഞ്ഞെടുപ്പിനൊടുവിൽ ബ്രിജ് ഭൂഷന്റെ ബിസിനസ് പങ്കാളി തന്നെ ഫെഡറേഷൻ തലപ്പത്തെത്തിയെന്നും താൻ കരിയർ വിടുകയാണെന്നും സാക്ഷി അറിയിച്ചു.

2016ലെ റിയോ ഒളിംപിക്‌സിൽ 58 കിലോ ഫ്രീ സ്റ്റൈലിൽ ഇന്ത്യയ്ക്കായി വെങ്കല മെഡൽ നേടിയ താരമാണ് സാക്ഷി മാലിക്. ഗുസ്തി മത്സരത്തിൽ ഒളിംപിക്‌സ് മെഡൽ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ വനിതയും ഒളിംപിക്‌സ് മെഡൽ നേടുന്ന നാലാമത്തെ ഇന്ത്യൻ വനിതയുമാണ് സാക്ഷി മാലിക്.

സാക്ഷിക്ക് പിന്നാലെ താൻ അർജുന, ഖേൽ രത്ന പുരസ്കാരങ്ങൾ തിരികെ നൽകുകയാണെന്ന് ഗുസ്തി താരം വിനേഷ് ഫോഗട്ട് പ്രഖ്യാപിച്ചു. ബജ്റംഗ് പുനിയ തൻ്റെ പദ്മശ്രീ പുരസ്കാരം പ്രധാനമന്ത്രിയുടെ വസതിക്ക് സമീപം ഉപേക്ഷിച്ചു. ഇത്തരത്തിൽ പ്രതിഷേധം കനത്തതോടെ പുതിയ ഭരണസമിതിയെ ഒളിമ്പിക്സ് അസോസിയേഷൻ പിരിച്ചുവിടുകയായിരുന്നു.

error: Content is protected !!