മാലിന്യ നിര്‍മാര്‍ജനം: നിയമ നടപടി കര്‍ക്കശമാക്കും -മന്ത്രി എംബി രാജേഷ്

സമ്പൂര്‍ണ മാലിന്യമുക്ത നവകേരളത്തിന് ബോധവല്‍ക്കരണം കൊണ്ട് മാത്രം കാര്യമില്ലെന്നും നിയമലംഘനങ്ങള്‍ക്കെതിരെ  നിയമ നടപടി കര്‍ശനമായി നടപ്പാക്കുമെന്നും  തദ്ദേശസ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എംബി രാജേഷ് പറഞ്ഞു. കണ്ണൂര്‍ കോര്‍പ്പറേഷന്‍  മഞ്ചപ്പാലത്ത് നിര്‍മാണം പൂര്‍ത്തിയാക്കിയ മലിനജല ശുദ്ധീകരണ പ്ലാന്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ അരലക്ഷം രൂപ വരെ പിഴയീടാക്കും. ജലം മലിനമാക്കുന്നവര്‍ക്കെതിരെ പിഴ കൂടാതെ ഒരു വര്‍ഷം വരെ തടവ് ലഭിക്കുന്ന രീതിയില്‍ നിയമം കര്‍ശനമാക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് മലിനജല ശുദ്ധീകരണ പ്ലാന്റ് അനിവാര്യമാണ്. പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനെതിരെ ചില കോണുകളില്‍ നിന്ന് എതിര്‍പ്പുകള്‍ നേരിടുന്നുണ്ട്. ചിലര്‍ ബോധപൂര്‍വം അജ്ഞതകൊണ്ടും പ്ലാന്റ് വരുന്നതിനെ എതിര്‍ക്കുന്നതിനെതിരെ രംഗത്തു വരുന്നു. പ്ലാന്റുകള്‍ക്കെതിരെ വിമര്‍ശനമുന്നയിക്കുന്നത് തെറ്റിദ്ധാരണകൊണ്ട് മാത്രമാണെന്നും എതിര്‍പ്പുകള്‍ കര്‍ശനമായി നേരിട്ട് ആശങ്കകള്‍ ഉണ്ടെങ്കില്‍ അതു പരിഹരിച്ച് മുന്നോട്ടുപോകുമെന്നും മന്ത്രി എം ബി രാജേഷ്  പറഞ്ഞു.

മേയര്‍ അഡ്വ. ടിഒ മോഹനന്‍ അധ്യക്ഷത വഹിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനം നിര്‍മാണം പൂര്‍ത്തിയാക്കുന്ന ആദ്യത്തേയും പ്ലാന്റാണിത്. തദ്ദേശസ്ഥാപനം മലിനജലം പൈപ്പ് വഴി ഉറവിടങ്ങളില്‍നിന്ന് ശേഖരിച്ച് പ്ലാന്റിലെത്തിച്ച് ശുദ്ധീകരിക്കുന്ന പദ്ധതി കേരളത്തില്‍ ആദ്യമാണ്. കോര്‍പ്പറേഷന്‍ താളിക്കാവ് വാര്‍ഡിലെ മഞ്ചപ്പാലത്ത് 27 കോടി രൂപ ചെലവഴിച്ചാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. പ്ലാന്റിലൂടെ നഗരത്തിലെ 10 ലക്ഷം ലിറ്റര്‍ മലിനജലം വരെ ഒറ്റയടിക്ക് ശുദ്ധിയാക്കാനാകും. താളിക്കാവ്, കാനത്തൂര്‍ വാര്‍ഡുകളിലെ വീടുകളില്‍ നിന്നും വ്യാപാര സ്ഥാപനങ്ങളില്‍ നിന്നുമുള്ള മലിനജലം പൈപ്പ് വഴി നേരിട്ട് പ്ലാന്റിലേക്ക് എത്തിക്കുന്നതാണ് സംവിധാനം. പൈപ്പുകള്‍ക്കിടയില്‍ ഓരോ 40 മീറ്ററിലും മാന്‍ഹോളുണ്ട്. ജര്‍മന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പ്ലാന്റ് പ്രവര്‍ത്തിക്കുക. പ്രത്യേക പൈപ്പ് വഴി പ്ലാന്റിലേക്ക് എത്തുന്ന മലിനജലം ശുദ്ധീകരിച്ച് കൃഷിക്കും നിര്‍മാണപ്രവൃത്തികള്‍ക്കും മറ്റാവശ്യങ്ങള്‍ക്കും ഉപയോഗിക്കാനും പദ്ധതിയുണ്ട്. പ്ലാന്റിലേക്ക് മലിനജലമെത്തിക്കുന്നതിനായി വീടുകളെയും സ്ഥാപനങ്ങളെയും ഹോട്ടലുകളെയും ബന്ധിപ്പിച്ച് 13 റോഡുകളിലാണ് പൈപ്പിട്ടത്. തൃശൂരിലുള്ള ടി ഡി എല്‍ സി എന്ന സഹകരണ മേഖലാ സ്ഥാപനമാണ് പ്ലാന്റിന്റെ പ്രവൃത്തി നടത്തിയത്. അഞ്ചുവര്‍ഷം ടി ഡി എല്‍ സി പ്ലാന്റ് പ്രവര്‍ത്തിപ്പിക്കും.

ഡെപ്യൂട്ടി മേയര്‍ കെ ഷബീന, അമൃത് മിഷന്‍ ഡയരക്ടര്‍ അലക്‌സ് വര്‍ഗീസ്, കോര്‍പ്പറേഷന്‍ സ്ഥിരംസമിതി അധ്യക്ഷരായ പി കെ രാഗേഷ്, ഷമീമ ടീച്ചര്‍, എം പി രാജേഷ്, അഡ്വ. പി ഇന്ദിര, സിയാദ് തങ്ങള്‍, ഷാഹിന മൊയ്തീന്‍, സുരേഷ് ബാബു എളയാവൂര്‍, കൗണ്‍സിലര്‍മാരായ കെ സുരേഷ്, മുസ് ലിഹ് മഠത്തില്‍, ടി രവീന്ദ്രന്‍, എന്‍ ഉഷ, വി കെ ഷൈജു, ടിഡിഎല്‍സി ചെയര്‍മാന്‍ ടിജി സജീവ്, സെക്രട്ടറി ഇന്‍ചാര്‍ജ് ടി മണികണ്ഠകുമാര്‍, എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ പി പി വത്സന്‍ എന്നിവര്‍ പങ്കെടുത്തു.

error: Content is protected !!