അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ ​വിസിയോട് ​ഗവർണർ; ഇന്നും എസ്എഫ്ഐ പ്രതിഷേധത്തിന് സാധ്യത

എസ്എഫ്ഐ ഗവർണർ പോരിൽ നാടകീയ രംഗങ്ങൾക്ക് വേദിയായി കോഴിക്കോട് സർവകലാശാല. എസ്എഫ്ഐ ഉയർത്തിയ ബാനറുകൾ പൊലീസിനെ ഉപയോഗിച്ച് നീക്കം ചെയ്ത് ഗവർണൻ ആരിഫ് മുഹമ്മദ്‌ ഖാൻ. ബാനറുകൾ നീക്കം ചെയ്യാത്തതിൽ ക്ഷുഭിതനായ ഗവർണർ മലപ്പുറം എസ്പി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരോട് രൂക്ഷമായാണ് പ്രതികരിച്ചത്. ക്യാമ്പസിൽ പ്രകടനവുമായി എത്തിയ എസ്എഫ്ഐ പ്രവർത്തകർ വീണ്ടും ഗവർണർക്കെതിരെ ബാനറുകൾ ഉയർത്തി. വിഷയത്തിൽ അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ വൈസ് ചാൻസലറോട് ഗവർണർ നിർദേശം നൽകി.

വിസിയുമായുളള കൂടിക്കാഴ്ചയിൽ തന്റെ അമർഷം വ്യക്തമാക്കിയ ഗവർണർ റിപ്പോർട്ട് അടിയന്തരമായി സമർപ്പിക്കാനാണ് നിർദേശം നൽകിയത്. എന്നാൽ ക്യാമ്പസിലെ സാഹചര്യങ്ങളിൽ ഗവർണറോട് വിസിയും രജിസ്ട്രാറും അതൃപ്തി അറിയിച്ചു. ക്യാമ്പസിനെ സംഘർഷ വേദിയാക്കുന്നത് ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കുന്നതിനാലുമാണ് ഗവർണറോട് ആശങ്കയറിയച്ചത്.

ഗവർണർക്കെതിരെ യൂണിവേഴ്‌സിറ്റി ക്യാമ്പസിൽ സ്ഥാപിച്ച ബാനറുകൾ നീക്കം ചെയ്യാത്തതിൽ ഗവർണർ രോഷം മുഴുവൻ തീർത്തത് പൊലീസിന് നേരെയായിരുന്നു. മലപ്പുറം ജില്ലാ പോലീസ് മേധാവിയോട് ഗവർണർ പൊട്ടിത്തെറിച്ചു. ക്യാമ്പസിലെ കാര്യങ്ങളിൽ ഇടപെടുന്നതിൽ പൊലീസിനുള്ള പരിമിതി ബോധ്യപ്പെടുത്താനുള്ള എസ്‌പിയുടെ ശ്രമം വിജയിച്ചില്ല. ഒടുവിൽ എസ്പി തന്നെ നേരിട്ട് ബാനറുകൾ നീക്കം ചെയ്യുകയായിരുന്നു.

ബാനർ നീക്കിയതോടെ പ്രതിഷേധവുമായി എസ്എഫ്ഐ പ്രവർത്തകർ ഗസ്റ്റ് ഹൗസിന് മുന്നിലേക്ക് മാർച്ച് നടത്തി. പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് മാർച്ച് തടഞ്ഞതോടെ വാക്കേറ്റമായി. പിന്നീട് ഗവർണർക്ക് എതിരായ ബാനറുകൾ ഉയർത്തി എസ്എഫ്ഐയുടെ പ്രതിഷേധം. ഗവർണർ പങ്കെടുക്കുന്ന സെമിനാറിൻ്റെ ഭാഗമായി ക്യാമ്പസിൽ സ്ഥാപിച്ച ഫ്ലക്സ് ബോർഡിൽ നിന്ന് കീറിയെടുത്ത ആരിഫ് മുഹമ്മദ് ഖാൻ്റെ ചിത്രവും ഗവർണറുടെ കോലവും പ്രവർത്തകർ കത്തിച്ചു.

ബാനർ അഴിപ്പിച്ചാൽ പകരം നൂറ് ബാനറുകൾ സ്ഥാപിക്കുമെന്ന് എസ്എഫ്ഐ നേരത്തെ തന്നെ പറഞ്ഞിരുന്നു. ക്യാമ്പസിലെ ബാനറുകൾ അഴിപ്പിക്കാൻ പൊലീസിന് സാധിക്കില്ലെന്ന് ​ഗവർണർക്ക് അറിയില്ലേ എന്നാണ് എസ്എഫ്ഐ ചോദിക്കുന്നത്. ക്യാമ്പസിൽ ഗവർണർക്കെതിരെ കൂടുതൽ റോഡ് എഴുത്തുകളുമായും എസ്എഫ്ഐ. ‘Dont spit hans and pan parag’ എന്നാണ് എസ്എഫ്ഐയുടെ റോഡെഴുത്തുകൾ. ഇന്നും പ്രതിഷേധം തുടരുമെന്നാണ് എസ്എഫ്ഐയുടെ മുന്നറിയിപ്പ്. പ്രതിഷേധമുണ്ടാകാൻ സാധ്യതയുളളതിനാൽ ജാഗ്രതയിലാണ് പൊലീസ്.

error: Content is protected !!