ഗവര്‍ണര്‍ക്കെതിരെ കേരളം സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സുപ്രിംകോടതിയില്‍ ചീഫ് സെക്രട്ടറിയുടെ സത്യവാങ്മൂലം. നിയമസഭ പാസാക്കിയ ബില്ലുകളെ കുറിച്ച് വിവരിക്കാന്‍ മന്ത്രിമാരെ അനുവദിച്ചില്ലെന്നാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 22ന് നല്‍കിയ അനുമതി ഗവര്‍ണര്‍ പിന്നീട് പിന്‍വലിച്ചു. ഗവര്‍ണറോട് മുഖ്യമന്ത്രി നേരിട്ട് ആവശ്യപ്പെട്ടിട്ടും ബില്ലുകള്‍ പരിഗണിച്ചില്ല. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫുകളെ രാജ്ഭവനില്‍ പ്രവേശിക്കുന്നതില്‍ നിന്ന് ഗവര്‍ണര്‍ വിലക്കി എന്നും സത്യവാങ്മൂലത്തില്‍ ചീഫ് സെക്രട്ടറി ചൂണ്ടിക്കാട്ടി.

സർക്കാരുമായുള്ള തർക്കം തുടരുന്നതിനിടെ രണ്ട് ബില്ലുകളിൽ ബുധനാഴ്ച ​ഗവർണർ ഒപ്പുവച്ചിരുന്നു. ലൈവ് സ്റ്റോക്ക് നിയമഭേദഗതി ബില്ലിനും പി എസ് സി അംഗങ്ങളുടെ നിയമന ശുപാർശകളിൽ രണ്ടെണ്ണത്തിനുമാണ് അംഗീകാരം നൽകിയത്. മറ്റു വഴികൾ ഇല്ലാതെയാണ് ഗവർണർ ബില്ലിൽ ഒപ്പിടാൻ തയാറായതെന്നായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രതികരണം. അതേസമയം, വിവാദ ബില്ലുകളിൽ ഇപ്പോഴും തീരുമാനം എടുത്തിട്ടില്ല.

 

നിയമസഭ പാസാക്കിയ 15 ബില്ലുകൾക്കും മന്ത്രിസഭ അംഗീകരിച്ച രണ്ട് ഓർഡിനൽസുകൾക്കും ഗവർണറുടെ അംഗീകാരം ഇനിയും ലഭിക്കാനുണ്ട്. മനുഷ്യാവകാശ കമ്മീഷൻ ചെയർമാനായി മുൻ ചീഫ് ജസ്റ്റിസ് എസ് മണികുമാറിനെ നിയമിക്കണമെന്ന് ശുപാർശയും മറ്റു മൂന്ന് പിഎസ് സി അംഗങ്ങളുടെ നിയമനവും ഗവർണറുടെ അംഗീകാരം കാത്തിരിക്കുന്നു.

error: Content is protected !!