‘ആടുജീവിതം’ റിലീസ് തീയതി പ്രഖ്യാപിച്ചു

മലയാളികൾ ഏറ്റവുമധികം കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് പൃഥ്വിരാജ് നായകനാകുന്ന ബ്ലെസി ചിത്രം ‘ആടുജീവിതം’. പ്രഖ്യാപനം മുതൽ പൃഥ്വിരാജിന്റെ അമ്പരപ്പിക്കുന്ന മെയ്‌ക്കോവര്‍ വരെ സിനിമയുമായി ബന്ധപ്പെട്ടിറങ്ങുന്ന ഒരോ വാർത്തയും മലയാളി പ്രേക്ഷകർ ഏറ്റെടുത്തിട്ടുണ്ട്. അത്തരത്തിൽ കാത്തിരുന്ന റിലീസ് തീയതി കൂടി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയപ്രവർത്തകർ.

ഏപ്രിൽ പത്തിനാണ് ചിത്രം വേൾഡ് വൈഡ് റിലീസിനെത്തുക. മലയാളത്തിന് പുറമെ അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസിനെത്തുന്നത്. ‘എവരി ബ്രീത്ത് ഈസ് എ ബാറ്റിൽ’ (ഓരോ ശ്വാസവും ഒരു യുദ്ധമാണ്) എന്നാണ് ചിത്രത്തിന്റെ ക്യാപ്ഷൻ. കഴിഞ്ഞ ഏപ്രിലിൽ ആടുജീവിതത്തിന്റെ ട്രെയ്‍ലറായി ഒരു വീഡിയോ പുറത്തിറങ്ങിയിരുന്നു. മികച്ച അഭിപ്രായമാണ് ട്രെയ്‍ലറിന് ലഭിച്ചത്. മലയാള സിനിമയിൽ ഇതുവരെ കണ്ട ദൃശ്യാവിഷ്കാരത്തിൽ നിന്ന് ഏറെ വ്യത്യസ്തയും ആകാംക്ഷയും നൽകുന്നതുമായിരുന്നു വീഡിയോ. അതുകൊണ്ട് തന്നെ ചിത്രം എത്തുന്നത് ലോക സിനിമ ചരിത്രത്തിൽ തന്നെ ഇടം നേടിക്കൊണ്ടായിരിക്കുമെന്നാണ് പ്രേക്ഷക പ്രതികരണം.

2013 ൽ പുറത്തിറങ്ങിയ ‘കളിമണ്ണ്’ എന്ന ചിത്രത്തിന് ശേഷം ബ്ലെസിയുടെതായി ചിത്രങ്ങളൊന്നും പുറത്തിറങ്ങിയിരുന്നില്ല. വർഷങ്ങളോളം ആടുജീവിത്തിന്റെ പണിപ്പുരയിലായിരുന്നുവെന്ന് അദ്ദേഹം ഒരിക്കൽ ഒരഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. എ ആർ റഹ്‍മാൻ സംഗീതം നൽകുന്ന ചിത്രത്തിൻറെ സൗണ്ട് ഡിസൈൻ റസൂൽ പൂക്കുട്ടിയും എ‍ഡിറ്റിംഗ് ശ്രീകർ പ്രസാദുമാണ് നിർവഹിക്കുന്നത്. സുനിൽ കെ എസ് ആണ് ഛായാഗ്രഹണം. മലയാളികൾക്ക് ഏറ്റവും സുപരിചിതമായ നോവലുകളിലൊന്നാണ് ആടുജീവിതം. അതിലെ നജീബിനെ അവതരിപ്പിക്കുന്നതിനായി ശരീരഭാരം കുറച്ചതടക്കം വലിയ പ്രയത്നമാണ് പൃഥ്വിരാജും നടത്തിയത്.

error: Content is protected !!