വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

ജില്ലാ കേരളോത്സവം നവംബറിൽ

ജില്ലാ കേരളോത്സവം  നവംബര്‍ 15 ന് മുമ്പായി നടത്താന്‍ ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗം തീരുമാനിച്ചു.  ഒക്ടോബര്‍ 18ന് സംഘാടക സമിതി രൂപീകരിക്കും. ജില്ലാപഞ്ചായത്ത് സ്ഥിരം സമിതികളുടെ തീരുമാനങ്ങള്‍ക്കും സ്റ്റിയറിംഗ് കമ്മിറ്റി തീരുമാനങ്ങള്‍ക്കും യോഗം അംഗീകാരം നൽകി.. 2023-24 വാര്‍ഷിക പദ്ധതി  യോഗം ചര്‍ച്ച ചെയ്തു. ഒക്ടോബർ 30 , 31  തീയതികളിൽ നടക്കുന്ന  എന്‍ ആര്‍ ഐ സമ്മിറ്റിൽ പങ്കാളിത്തം ഉറപ്പുവരുത്താനും യോഗത്തിൽ ധാരണയായി.
സ്‌കൂളുകളില്‍ സോളാര്‍ സ്ഥാപിച്ചതിലൂടെ ഉണ്ടാവുന്ന വരുമാനം ജില്ലാ പഞ്ചായത്തിലേക്ക് അടക്കാനും ഇത് പിന്നീട് സ്‌കൂളുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമായി വിനിയോഗിക്കാനും തീരുമാനമായി.

സ്‌കൂഫെയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മോണിറ്റര്‍ ചെയ്യാനും മറ്റുമായി കുടുംബശ്രീയുമായി ചേര്‍ന്ന് മാസത്തില്‍ ഒരുതവണ മോണിറ്ററി മീറ്റിംഗ് നടത്തും.

ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് അഡ്വ ബിനോയ് കുര്യന്‍, സ്ഥിരം സമിതി അധ്യക്ഷരായ വി കെ സുരേഷ് ബാബു, അഡ്വ രത്‌നകുമാരി, യു പി ശോഭ, ടി സരള, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എ വി അബ്ദുല്‍ ലത്തീഫ്, ഭരണസമിതിയംഗങ്ങള്‍, വിവിധ വകുപ്പുകളുടെ നിര്‍വഹണ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

ലോകായുക്ത സിറ്റിങ്

കേരള ലോകായുക്ത ഒക്ടോബര്‍ 17, 18 തീയതികളില്‍ കണ്ണൂര്‍ ഗവ. ഗസ്റ്റ് ഹൗസ്  കോണ്‍ഫറന്‍സ് ഹാളിലും 19, 20 തീയതികളില്‍ കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസ്  കോണ്‍ഫറന്‍സ് ഹാളിലും സിറ്റിങ് നടത്തും. ഈ ദിവസങ്ങളില്‍ നിശ്ചിത ഫോറത്തിലുള്ള പുതിയ പരാതികള്‍ സ്വീകരിക്കുമെന്ന് രജിസ്ട്രാര്‍ അറിയിച്ചു.

ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ അവസരം

മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ ജീവനക്കാരുടെ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ (എം ഡി ബി കെയര്‍) രജിസ്റ്റര്‍ ചെയ്യാന്‍ ബാക്കിയുള്ള ക്ഷേത്രങ്ങളിലെ ഭരണാധികാരികള്‍ക്ക് ആവശ്യമായ സഹായം നല്‍കുന്നതിനും ക്ഷേത്രത്തിന്റെ പേരില്‍ യൂസര്‍ ഐഡിയും പാസ്വേര്‍ഡും അനുവദിക്കുന്നതിനുമായി അസിസ്റ്റന്റ് കമ്മീഷണര്‍മാര്‍ വിവിധ സ്ഥലങ്ങളില്‍ ക്യാമ്പ് ചെയ്യുന്നു.
ഒക്ടോബര്‍ 19ന് രാവിലെ 10 മുതല്‍ വൈകിട്ട് മൂന്ന് മണി വരെ പയ്യന്നൂര്‍ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിലും 20ന് രാവിലെ 10 മുതല്‍ വൈകിട്ട് മൂന്ന് മണി വരെ തളിപ്പറമ്പ് രാജരാജ്വേശ്വര ക്ഷേത്രത്തിലുമാണ് ക്യാമ്പ്. ഈ ദിവസങ്ങളില്‍ ക്ഷേത്രജീവനക്കാരുടെയും അവരുടെ ആശ്രിതരുടെയും ആധാര്‍ നമ്പര്‍ അടക്കമുള്ള എല്ലാ വിവരങ്ങളും ക്ഷേത്രത്തിലെ ക്ലര്‍ക്കുമാര്‍ സഹിതം ക്ഷേത്രഭരണാധികാരികള്‍ ഹാജരാകണം. സ്മാര്‍ട്ട് ഫോണ്‍ ഉള്ളവര്‍ക്ക് അതിലൂടെ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സഹായം നല്‍കും

 ക്ഷേമപദ്ധതി ബോധവല്‍ക്കരണം 12ന്

ജില്ലയിലെ നാവികസേനാനികളുടെ വിധവകള്‍ക്കായി നിലവിലുള്ള ക്ഷേമപദ്ധതികളെ കുറിച്ചുള്ള ബോധവല്‍ക്കരണ പരിപാടി ഒക്ടോബര്‍ 12ന് രാവിലെ 11.30 മുതല്‍ 12.30 വരെ ജില്ലാ സെനിക ക്ഷേമ ഓഫീസില്‍ ഐ എന്‍ എസ് സാമോരിന്റെ നേതൃത്വത്തില്‍ നടത്തും.  പെന്‍ഷന്‍ സംബന്ധിച്ചും മറ്റുമുള്ള പരാതികളും അന്നേ ദിവസം ബോധിപ്പിക്കാം.

ചീമേനി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍
ഡിഗ്രി/പി ജി പ്രവേശനം

ഐ എച്ച് ആര്‍ ഡിയുടെ കീഴില്‍ പള്ളിപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന ചീമേനി അപ്ലൈഡ് സയന്‍സ് കോളേജില്‍  ഒന്നാം വര്‍ഷ ബി കോം വിത്ത് കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍, ബി കോം കോ ഓപ്പറേഷന്‍, ബി എസ് സി  കമ്പ്യൂട്ടര്‍ സയന്‍സ്  ഒന്നാംവര്‍ഷ എം കോം ഫിനാന്‍സ്, എം എസ്സി കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്സുകളില്‍    കോളേജ് നേരിട്ട് പ്രവേശനം നടത്തുന്ന സീറ്റുകളില്‍ ഒഴിവ്. കണ്ണൂര്‍ സര്‍വകലാശാല  പ്രവേശനത്തിന് ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ അതിന്റെ പ്രിന്റൗട്ട് സഹിതം കോളേജില്‍ നേരിട്ട് അപേക്ഷ നല്‍കണം. എസ് സി/എസ് ടി/ഒ ഇ സി/ഒ ബി സി(എച്ച്) എന്നീ വിഭാഗങ്ങള്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും. ഫോണ്‍: 8547005052, 9447596129.

സീറ്റ് ഒഴിവ്

ഉദുമ ഗവ.ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ ബി എ ഹിസ്റ്ററിയില്‍ എസ് സി, എസ് ടി, ഇ ഡബ്ല്യു എസ് എന്നീ വിഭാഗങ്ങളിലും ബി എ ഇംഗ്ലീഷില്‍ ഇ ഡബ്ല്യു എസ് വിഭാഗത്തിലും സീറ്റ് ഒഴിവുണ്ട്.  അര്‍ഹരായ വിദ്യാര്‍ഥികള്‍ കണ്ണൂര്‍ സര്‍വകലാശാല ഓണ്‍ലൈന്‍ അപേക്ഷയുടെ പകര്‍പ്പ്, അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഒക്ടോബര്‍ 11ന് കോളേജില്‍ നേരിട്ട് ഹാജരാകണം.  ഫോണ്‍: 9446150881.

ക്വസ്റ്റ് 2023′ തൊഴില്‍ മേള 21ന്

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും, എംപ്ലോയബിലിറ്റി സെന്ററും ഒക്ടോബര്‍ 21ന് ക്വസ്റ്റ് 2023 എന്ന പേരില്‍ തൊഴില്‍ മേള സംഘടിപ്പിക്കുന്നു. ആദികടലായി ലീഡേഴ്സ് കോളേജില്‍ രാവിലെ ഒമ്പത് മണി മുതല്‍ നടത്തുന്ന  മേളയില്‍ വിവിധ മേഖലകളിലെ 30ലേറെ തൊഴില്‍ സ്ഥാപനങ്ങള്‍ പങ്കെടുക്കുന്നു. എസ് എസ് എല്‍ സി മുതല്‍ യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം.  മേളയുടെ ഭാഗമാകാന്‍ താല്‍പര്യമുള്ള തൊഴിലുടമകള്‍ 0497  2707610, 6282942066 എന്നീ നമ്പറുകളില്‍ വിളിക്കുക. ഉദ്യോഗാര്‍ഥികള്‍ക്ക് https://forms.gle/gB1kGDvBdJoHbgC57എന്ന ലിങ്ക് മുഖേന ഒക്ടോബര്‍ 19നകം പേര് രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കാം.

സര്‍ട്ടിഫിക്കറ്റിലെ തെറ്റുകള്‍ തിരുത്താന്‍ അവസരം

2014 മുതല്‍ 2022 വരെ വിവിധ ഐ ടി ഐകളില്‍ പ്രവേശനം നേടിയ ട്രെയിനികളുടെ ഇ എന്‍ ടി സികളില്‍ തിരുത്തല്‍ വരുത്തുന്നതിന് https://www.ncvtmis.gov.in പോര്‍ട്ടലില്‍ ഗ്രീവന്‍സ് സംവിധാനം പുനസ്ഥാപിച്ചു.  തിരുത്തല്‍ ആവശ്യമുള്ള ട്രെയിനികള്‍ക്ക് പരിശീലനം പൂര്‍ത്തിയാക്കിയ ഐ ടി ഐകളില്‍ ഹാജരായോ എന്‍ സി വി ടി എംഐഎസ് പോര്‍ട്ടലിലെ കംപ്ലയിന്റ് ടൂള്‍സിലെ ഗ്രീവന്‍സ് ഒപ്ഷന്‍ വഴി ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിച്ച് നേരിട്ടോ ഗ്രീവന്‍സ് നല്‍കാം. 2023 ജൂലൈയില്‍ നടന്ന അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് പരീക്ഷ സംബന്ധിച്ച പരാതികളും നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ അതാത് ഐ ടി ഐകളില്‍ ലഭിക്കും.

ചുരുക്കപട്ടിക പ്രസിദ്ധീകരിച്ചു

ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ടൈം ലാംഗ്വേജ് ടീച്ചര്‍ (അറബിക് – എല്‍ പി എസ് – നാലാം എന്‍ സി എ- എസ് സി – 755/2022) തസ്തികയിലേക്ക് പി എസ് സി 2023 ജൂണ്‍ രണ്ടിന് നടത്തിയ ഒ എം ആര്‍ പരീക്ഷയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ചുരുക്കപട്ടിക പ്രസിദ്ധീകരിച്ചതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു.

 

error: Content is protected !!