വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

നണിച്ചരിക്കടവ് പാലം അലങ്കാരവിളക്ക്  ഉദ്ഘാടനം എട്ടിന്

ആന്തൂര്‍ നഗരസഭ, കുറുമാത്തൂര്‍ പഞ്ചായത്ത് എന്നീ പ്രദേശങ്ങളെ മയ്യില്‍ പഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന നണിച്ചേരിക്കടവ് പാലത്തില്‍ സ്ഥാപിച്ച അലങ്കാരവിളക്കുകളുടെ ഉദ്ഘാടനം ഒക്ടോബര്‍ എട്ട് ഞായറാഴ്ച വൈകിട്ട് അഞ്ചിന് എം വി ഗോവിന്ദന്‍ മാസ്റ്റര്‍ എം എല്‍ എ നിര്‍വഹിക്കും. ആന്തൂര്‍ നഗരസഭ ചെയര്‍മാന്‍ പി മുകുന്ദന്‍ അധ്യക്ഷത വഹിക്കും. എം എല്‍ എ ഫണ്ടില്‍ നിന്നും 35 ലക്ഷം രൂപ ചെലവഴിച്ചാണ് പണി പൂര്‍ത്തിയാക്കിയത്. പി ഡബ്ല്യു ഡി ഇലക്ട്രിക് വിഭാഗമാണ് ജര്‍മന്‍ സാങ്കേതിക വിദ്യയില്‍ ഇവ സ്ഥാപിച്ചത്. ഗാല്‍വനൈസ് ചെയ്ത തുരുമ്പെടുക്കാത്ത 50 വിളക്ക് കാലുകളാണ് സ്ഥാപിച്ചത്. ദീര്‍ഘകാലം നിലനില്‍ക്കുന്ന സോളാര്‍ പാനലുകളും കേബിളും സ്ഥാപിച്ച് 700 മീറ്ററിലായി ഒരുക്കിയ വിളക്കുകള്‍ ഊര്‍ജ്ജ സംരക്ഷണത്തിന്റെ മാതൃക കൂടിയാണ്. തുടര്‍ പരിപാലനത്തിന് ചെലവ് വളരെ കുറവാണ്. മലയോര മേഖലകളില്‍ നിന്നും കണ്ണൂര്‍ വിമാനത്താവളത്തിലേക്കുള്ള ലിങ്ക് റോഡിലാണ് പാലം സ്ഥിതി ചെയ്യുന്നത്. ടൂറിസം വികസനത്തിന്റെ സാധ്യതകള്‍ കൂടി പരിഗണിച്ചാണ് പദ്ധതി നടപ്പാക്കിയത്. പറശ്ശിനിക്കടവ് റിവര്‍ ക്രൂയിസ്, മയ്യില്‍ ടൂറിസം പദ്ധതികളുടെ വികസനത്തിനും കൂടുതല്‍ ടൂറിസ്റ്റുകളെ ഇവിടേക്ക് ആകര്‍ഷിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു.

വര്‍ണ്ണ തരംഗം ചിത്ര-ശില്പ രചന ക്യാമ്പ് ഞായറാഴ്ച തുടങ്ങും

മട്ടന്നൂര്‍ നിയോജക മണ്ഡലം തരംഗം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ശിവപുരം ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടക്കുന്ന വര്‍ണ്ണ തരംഗം ചിത്ര-ശില്പ രചന ക്യാമ്പ്  ഒക്ടോബര്‍ എട്ട് ഞായറാഴ്ച രാവിലെ 10.30ന് പ്രശസ്ത ചിത്രകാരനും, ചരിത്രകാരനുമായ കെ കെ മാരാര്‍ ഉദ്ഘാടനം ചെയ്യും. കെ കെ ശൈലജ ടീച്ചര്‍ എം എല്‍ എ അധ്യക്ഷത വഹിക്കും. ലളിതകലാ അക്കാദമി അംഗവും പ്രശസ്ത ശില്പിയുമായ ഉണ്ണി കാനായി മുഖ്യ അതിഥിയാകും.
ഒക്ടോബര്‍ എട്ട്, ഒമ്പത് തീയതികളിലാണ് ക്യാമ്പ് നടക്കുക. മണ്ഡലത്തിലെ എല്‍ പി, യു പി, ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി സ്‌കൂളുകളില്‍ നിന്നുള്ള നൂറ്റമ്പതോളം കുട്ടികള്‍ ക്യാമ്പില്‍ പങ്കെടുക്കും. കലോത്സവങ്ങളിലും പ്രവര്‍ത്തിപരിചയ മേളകളില്‍ മത്സര ഇനമായുള്ള കലാ മേഖലകള്‍ക്ക് പ്രാമുഖ്യം നൽകിയും  സര്‍ഗ്ഗാത്മകതയെ പരിപോഷിപ്പിക്കുന്നതിനും വിവിധ പരിശീലങ്ങളിലൂടെ പ്രഗത്ഭരായ ചിത്രകാരന്മാരും ശില്പികളും ക്യാമ്പ് നയിക്കും.

ബാര്‍ബര്‍ ഷോപ്പ് നവീകരണ ധനസഹായ പദ്ധതി

പരമ്പരാഗതമായി ബാര്‍ബര്‍ തൊഴില്‍ ചെയ്യുന്ന ഒബിസി വിഭാഗത്തില്‍പ്പെട്ടവര്‍ക്കുള്ള ബാര്‍ബര്‍ഷോപ്പ് നവീകരണ ധനസഹായ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകന്റെ കുടുംബ വാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപ കവിയരുത് . പ്രായ പരിധി 60 വയസ്സ്. കൂടുതല്‍ വിവരങ്ങള്‍ www.bcdd.kerala.gov.in എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്. പാസ്‌പേര്‍ട്ട് സൈസ് ഫോട്ടോ പതിപ്പിച്ച പൂരിപ്പിച്ച അപേക്ഷയും, അനുബന്ധ രേഖകളും സ്ഥാപനം പ്രവര്‍ത്തിക്കുന്ന സ്ഥലത്തെ തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിക്ക് ഒക്ടോബര്‍ 31ന് മുമ്പായി സമര്‍പ്പിക്കണം. ഫോണ്‍: 0495 2377786.

അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം

ജില്ലയിലെ നദികളില്‍ നിന്ന് മണല്‍ ഖനനത്തിന് പാരിസ്ഥിതിക അനുമതി നേടിയെടുക്കുന്നതിന്റെ ഭാഗമായി സി എസ് ഐ ആര്‍-എന്‍ ഐ ഐ എസ് ടി തയ്യാറാക്കിയ കരട് ഡിസ്ട്രിക്ട് സര്‍വ്വെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. https://kannur.nic.in/en/notice_category/announcements/ എന്ന വൈബ്‌സൈറ്റില്‍ റിപ്പോര്‍ട്ട് ലഭ്യമാണ്. പൊതുജനങ്ങള്‍ക്ക് ഒരു മാസത്തിനുള്ളില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്താം.

ശിശുക്ഷേമ സമിതി വര്‍ണോത്സവം

ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ ശിശുദിനാഘോഷ പരിപാടികളുടെ ഭാഗമായി വര്‍ണോത്സവം എന്ന പേരില്‍ വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. എല്‍ പി, യു പി വിഭാഗം കുട്ടികള്‍ക്കായി ജില്ലാതല പ്രസംഗ മത്സരം (മലയാളം) വിജയികളാകുന്നവരെ ശിശുദിനത്തിലെ റാലി നയിക്കാനുള്ള കുട്ടികളുടെ നേതാക്കന്‍മാരായി തെരഞ്ഞെടുക്കും), എല്‍ പി, യു പി, എച്ച് എസ്, എച്ച് എസ് എസ് വിഭാഗക്കാര്‍ക്ക് കഥാരചന, കവിതാ രചന, ഉപന്യാസ രചന എന്നിവയാണ് മത്സര ഇനങ്ങള്‍. ഒക്ടോബര്‍ 14ന് രാവിലെ 9.30 മുതല്‍ തളാപ്പ് ചിന്‍മയ ബാലഭവനിലാണ് മത്സരങ്ങള്‍ നടക്കുക.
ഒക്ടോബര്‍ 22ന് ജില്ലാതല നാടന്‍പാട്ട് മത്സരം നടക്കും. 18 വയസിന് താഴെയുള്ള ഏഴ് പേരടങ്ങുന്ന ഗ്രൂപ്പുകള്‍ക്ക് പങ്കെടുക്കാം. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 9656061031, 9995808041 എന്നീ നമ്പറുകളില്‍ രജിസ്റ്റര്‍ ചെയ്യാം.

അഖിലേന്ത്യാ സഹകരണ വാരാഘോഷം;
സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം 9ന്

നവംബർ 14  ന് കണ്ണൂരില്‍ നടക്കുന്ന 70-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്‌ഘാടനത്തിന്റെ മുന്നോടിയായി   രൂപീകരിച്ച സംഘാടക സമിതി ഓഫീസിന്റെ  ഉദ്ഘാടനം ഒക്ടോബര്‍ ഒമ്പതിന് നടക്കും. കണ്ണൂര്‍ ജില്ലാ പൊലീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റി കെട്ടിടത്തില്‍  ഒരുക്കിയ ഓഫീസ് തിങ്കളാഴ്ച         രാവിലെ 10 മണിക്ക് കടന്നപ്പള്ളി രാമചന്ദ്രന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും.

ചുരുക്കപട്ടിക പ്രസിദ്ധീകരിച്ചു

ജില്ലയില്‍ ഹോമിയോപ്പതി വകുപ്പില്‍ നഴ്സ് ഗ്രേഡ് 2 തസ്തികയിലേക്ക് (721/2022) മെയ് നാലിന് നടത്തിയ ഒ എം ആര്‍ പരീക്ഷയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ചുരുക്കപട്ടിക പ്രസിദ്ധീകരിച്ചതായി ജില്ലാ പി എസ് സി ഓഫീസര്‍ അറിയിച്ചു.

സമ്മതപത്രം ക്ഷണിച്ചു

ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ 30, 31 തീയതികളില്‍ കണ്ണൂര്‍ നായനാര്‍ അക്കാദമിയില്‍ നടക്കുന്ന എന്‍ ആര്‍ സമ്മിറ്റിന് പന്തല്‍, ലൈറ്റ് ആന്റ് സൗണ്ട്, റൗണ്ട് ടേബിള്‍, കസേരകള്‍, മാറ്റ്, ഡക്കറേഷന്‍ മുതലായവ ഏര്‍പ്പെടുത്തുന്നതിനും നിക്ഷേപകര്‍ക്ക് രണ്ട് ദിവസത്തെ ഭക്ഷണമൊരുക്കുന്നതിനും ഫുഡ് ലൈസന്‍സുള്ള ജില്ലയിലെ ഏജന്‍സികളില്‍ നിന്നും പ്രത്യേകമായി സമ്മതപത്രം ക്ഷണിച്ചു. സമ്മതപത്രം ഒക്ടോബര്‍ 13ന് വൈകിട്ട് മൂന്ന് മണിക്കകം മാനേജര്‍ (ജില്ലാ പഞ്ചായത്ത്), ജില്ലാ വ്യവസായ കേന്ദ്രം, കണ്ണൂര്‍ എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 9188952109, 9188952110.



ലേലം

തളിപ്പറമ്പ് വികസന പരിശീലന കേന്ദ്രത്തിലെ വിളവെടുത്ത 3820 തേങ്ങകള്‍ ഒക്ടോബര്‍ 26ന് ഉച്ചക്ക് രണ്ട് മണിക്ക് ലേലം ചെയ്യും. ഫോണ്‍: 0460 2203216.

error: Content is protected !!