സംസ്ഥാന സ്കൂൾ കായികമേള; ആദ്യ സ്വർണം കണ്ണൂരിന്

65-ാമത് സംസ്ഥാന സ്കൂൾ കായികമേളക്ക് കുന്നംകുളം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കം. ജൂനിയർ ഗേൾസ് മൂവായിരം മീറ്റർ ഓട്ടമത്സരം ആയിരുന്നു ആദ്യ ഇനം. മത്സരത്തിൽ കണ്ണൂർ ജിവിഎച്ച്എസ്എസ് വിദ്യാർഥിനി ഗോപിക ഗോപി സ്വർണം സ്വന്തമാക്കി. ഉഷ സ്കൂൾ ഓഫ് അത്ലറ്റിക്സിന്റെ അശ്വിനി ആർ വെള്ളിയും എറണാകുളം മാർ ബേസിൽ സ്കൂളിന്റെ അലോണ തോമസ് വെങ്കലവും സ്വന്തമാക്കി.

ആദ്യ ദിനമായ ഇന്ന് 21 ഫൈനൽ മത്സരങ്ങളാണ് നടക്കുന്നത്. രാവിലെ ഒന്‍പതിന് പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് പതാക ഉയർത്തും. ഉച്ചകഴിഞ്ഞ് മൂന്നരയ്ക്ക് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി മേള ഉദ്ഘാടനം ചെയ്യും.

ഇന്നലെ തേക്കിൻകാട് മൈതാനിയിൽ വെച്ച് മന്ത്രി ആർ ബിന്ദു മുൻ ഫുട്ബോൾ താരം ഐഎം വിജയന് ദീപശിഖ കൈമാറി ഈ വർഷത്തെ സംസ്ഥാന സ്കൂൾ കായികമേള ദീപശിഖ പ്രയാണം ഉദ്ഘാടനം ചെയ്തു. വിളംബര ജാഥയിൽ ആയിരത്തോളം സ്പോർട്സ് താരങ്ങൾ പങ്കെടുത്തു.

ആറ് കാറ്റഗറികളിലായി 3000ത്തിൽ കൂടുതൽ മത്സരാർത്ഥികൾ കായികമേളയുടെ ഭാഗമാകും. സമാപന സമ്മേളനം 20ന് മന്ത്രി കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ വിജയികൾക്കുള്ള സമ്മാനദാനം നിർവഹിക്കും.

error: Content is protected !!