കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്: പി ആർ അരവിന്ദാക്ഷന്റെയും സി കെ ജിൽസിന്റെയും ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും

കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസിലെ പ്രതികളായ പി പി കിരണിന്റെയും പി സതീഷിന്റെയും കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഇരുവരെയും പതിനൊന്ന് മണിയോടെ പിഎംഎല്‍എ കേസുകള്‍ പരിഗണിക്കുന്ന എറണാകുളം പ്രത്യേക സിബിഐ കോടതിയില്‍ ഹാജരാക്കും. നടപടിക്രമങ്ങളുടെ ഭാഗമായി റിമാന്‍ഡ് കാലാവധി പതിനാല് ദിവസത്തേക്ക് കൂടി നീട്ടും.

കേസിലെ മറ്റ് രണ്ട് പ്രതികളായ പി ആര്‍ അരവിന്ദാക്ഷന്‍, സി കെ ജില്‍സ് എന്നിവരുടെ ജാമ്യാപേക്ഷയില്‍ കോടതി വാദം കേള്‍ക്കും. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് എറണാകുളം പ്രത്യേക സിബിഐ കോടതി വാദം കേള്‍ക്കുന്നത്. അഭിഭാഷകരുടെ സൗകര്യം പരിഗണിച്ചാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് രണ്ട് മണിയിലേക്ക് മാറ്റിയത്.

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ പെരിങ്ങണ്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് നല്‍കിയ സ്വകാര്യ അന്യായവും ഇന്ന് കോടതിയുടെ പരിഗണനയ്ക്ക് വരും. അരവിന്ദാക്ഷന്റെ മാതാവിന്റെ പേരില്‍ ഇ ഡി തെറ്റായ വിവരം പ്രചരിപ്പിച്ചു. തെറ്റായ വിവരം നല്‍കിയെന്ന് എഴുതാന്‍ സഹകരണ ബാങ്ക് സെക്രട്ടറിയെ ഇ ഡി നിര്‍ബന്ധിച്ചു. ഇതില്‍ നടപടിയെടുക്കണമെന്നുമാണ് ബാങ്കിന്റെ ആവശ്യം.

error: Content is protected !!