സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരതാ പഞ്ചായത്തായി പരിയാരം

തളിപ്പറമ്പ് നിയോജക മണ്ഡലം സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരതാ യജ്ഞം ഇടം പദ്ധതിയിലൂടെ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരത നേട്ടം കൈവരിച്ച് പരിയാരം ഗ്രാമപഞ്ചായത്ത്. സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത പ്രഖ്യാപനം എം വി ഗോവിന്ദന്‍ എം എല്‍ എ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ വികസന സമിതി അധ്യക്ഷ അഡ്വ. കെ കെ രത്‌നകുമാരി ഇടം വെബ് പേജ് പ്രകാശനം ചെയ്തു.

പഞ്ചായത്ത് ഓഫീസിന് സമീപം നടന്ന ചടങ്ങില്‍ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി എം കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഡിജിറ്റല്‍ സാക്ഷരതയജ്ഞം പഞ്ചായത്ത് കോ ഓര്‍ഡിനേറ്റര്‍ എം ചന്ദ്രന്‍ മാസ്റ്റര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തളിപ്പറമ്പ് മണ്ഡലം കണ്‍വീനര്‍ കെ സി ഹരികൃഷ്ണന്‍ മാസ്റ്റര്‍ പഞ്ചായത്തിനുള്ള പ്രശസ്തിപത്രം കൈമാറി. ഡിജിറ്റല്‍ മീഡിയ സാക്ഷരതാ യജ്ഞം മണ്ഡലം കോ ഓര്‍ഡിനേറ്റര്‍ പി പി ദിനേശന്‍ മാസ്റ്റര്‍ പരിശീലകര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. ലിറ്റില്‍ കൈറ്റ്‌സ് സ്‌കൂളുകള്‍ക്കുള്ള ഉപഹാരം കൈറ്റ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ പി സുപ്രിയ നല്‍കി.

പഞ്ചായത്തിലെ 18 വാര്‍ഡുകളിലായി 304 പഠന കേന്ദ്രങ്ങളിലൂടെ 4349 പേരാണ് ഡിജിറ്റല്‍ സാക്ഷരത നേടിയത്. സംസ്ഥാന സര്‍ക്കാര്‍, സാക്ഷരതാ മിഷന്‍, കൈറ്റ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ഏപ്രില്‍ 25ന് പരിയാരം സാംസ്‌കാരിക നിലയത്തില്‍ പഞ്ചായത്ത് ഡിജിറ്റല്‍ സാക്ഷരത സമിതിക്ക് രൂപം നല്‍കി. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ വളണ്ടിയര്‍മാര്‍ വീടുകളില്‍ എത്തി ഡിജിറ്റല്‍ ഫോം സര്‍വ്വേ നടത്തിയാണ് പഠിതാക്കളെ കണ്ടെത്തിയത്. പിന്നീട് ഓരോ വാര്‍ഡിലും റിസോഴ്‌സ് പേഴ്‌സണര്‍മാരെ നിശ്ചയിച്ച് പഞ്ചായത്ത് തലത്തില്‍ പരിശീലനം നല്‍കി. ആകെ 241 ആര്‍ പി മാരാണ് പഠിതാക്കള്‍ക്ക് പരിശീലനം നല്‍കിയത്.

പരിയാരം പഞ്ചായത്ത് പ്രസിഡണ്ട് ടി ഷീബ, വൈസ് പ്രസിഡണ്ട് പി പി ബാബുരാജന്‍, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ആര്‍ ഗോപാലന്‍ മാസ്റ്റര്‍, ടോണ വിന്‍സന്റ്, ടി പി രജനി, ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ സി മല്ലിക, ലിറ്റില്‍ കൈറ്റ് മാസ്റ്റര്‍ ട്രെയിനര്‍ സി ജയദേവന്‍, പഞ്ചായത്ത് സെക്രട്ടറി എം വി ചന്ദ്രന്‍, സി ഡി എസ് അധ്യക്ഷ പി പി ഷൈമ, കെ കെ രാമചന്ദ്രന്‍, ഐ വി കുഞ്ഞിരാമന്‍, എം എ ഇബ്രാഹിം, ഇ സി മനോഹരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!