മേഖലാതല അവലോകന യോഗം വ്യാഴാഴ്ച; മന്ത്രി മുഹമ്മദ് റിയാസ്  ഒരുക്കങ്ങൾ വിലയിരുത്തി

മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും നേതൃത്വത്തിൽ വ്യാഴാഴ്ച നടക്കുന്ന  മേഖലാതല അവലോകനയോഗത്തിന്റെ വേദിയായ കോഴിക്കോട്  ചെറുവണ്ണൂരിലെ മറീന കൺവൻഷൻ സെന്ററിലെ ഒരുക്കങ്ങൾ  പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്  വിലയിരുത്തി. മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറിയും ഉദ്യോഗസ്ഥരാകെയും പങ്കെടുക്കുന്ന മേഖലാ തലയോഗങ്ങൾ  വലിയ മാറ്റങ്ങൾക്ക് കാരണമായിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. അവലോകന യോഗത്തിന് ആവശ്യമായ എല്ലാ ഒരുക്കങ്ങളും കോഴിക്കോട് പൂർത്തിയായതായും മന്ത്രി പറഞ്ഞു.

വ്യാഴാഴ്ച കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളുടെ അവലോകന യോഗമാണ് കോഴിക്കോട്ട് നടക്കുക. ഭരണനേട്ടങ്ങൾ ജനങ്ങൾക്ക് കൂടുതൽ അനുഭവവേദ്യമാകാനും സമയബന്ധിത പദ്ധതി നിർവഹണം ഉറപ്പാക്കാനും വിവിധ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനും വികസന പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനുമായാണ് മേഖലാ തല യോഗം ചേരുന്നത്. തിരുവനന്തപുരം, തൃശൂർ, എറണാകുളം മേഖലാ അവലോകന യോഗങ്ങൾ പൂർത്തിയായി. അവസാന മേഖലാ യോഗമാണ് കോഴിക്കോട്ട് നടക്കുന്നത്.

ദേശീയപാത, മലയോര ഹൈവേ, തീരദേശ ഹൈവേ, വയനാട് തുരങ്കപാത, മാലിന്യമുക്തകേരളം, ഹരിതകേരളം മിഷൻ, ദാരിദ്ര്യനിർമാർജനം, ലൈഫ് മിഷൻ, സമഗ്ര വിദ്യാഭ്യാസ പുനരുജ്ജീവന പരിപാടി, ജൽജീവൻ മിഷൻ, ആർദ്രം മിഷൻ, ഇൻറർനാഷനൽ റിസർച്ച് സെൻറർ ഫോർ ആയുർവേദ, കോവളം-ബേക്കൽ ഉൾനാടൻ നാവിഗേഷൻ, നാല് ജില്ലകളുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങൾ എന്നിവ യോഗം  ചർച്ച ചെയ്യും.

രാവിലെ 9.30 മുതൽ ഉച്ച 1.50 വരെ പ്രമുഖ പദ്ധതികളുടേയും പരിപാടികളുടേയുംഅവലോകനം നടക്കും. വൈകീട്ട് 3.30 മുതൽ അഞ്ച് വരെ പൊലീസ് ഓഫീസർമാരുടെയോഗംചേർന്ന് ക്രമസമാധാന പ്രശ്നങ്ങൾഅവലോകനം ചെയ്യും. വിവിധ വകുപ്പ് സെക്രട്ടറിമാർ, ഡയറക്ടർമാർ, നാല് ജില്ലകളിൽ നിന്നുള്ള കലക്ടർമാർ, ജില്ലാ തല ഉദ്യോഗസ്ഥർ, പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.

കോഴിക്കോട് ജില്ലാ കലക്ടർ എ ഗീത, സബ് കലക്ടർ വി ചെൽസാസിനി, അസി. കലക്ടർ പ്രതീക് ജെയിൻ, എ ഡി എം സി മുഹമ്മദ് റഫീഖ്, വടകര ആർ ഡി ഒ സി ബിജു, ഡെപ്യൂട്ടി കലക്ടർമാരായ ഷാമിൻ സെബാസ്റ്റ്യൻ, ഇ അനിതകുമാരി, പി.എൻ പുരുഷോത്തമൻ, ഫിനാൻസ് ഓഫീസർ കെ.പി മനോജൻ, മറ്റു വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

error: Content is protected !!