ഗാസയിലെ ഇന്റർനെറ്റ്, ഫോൺ സേവനങ്ങൾ പുനഃസ്ഥാപിക്കുന്നു

ഇസ്രയേലിന്റെ വ്യോമാക്രമണത്തിൽ തകർന്ന ഗാസയിലെ ഇന്റർനെറ്റ്, ഫോൺ സേവനങ്ങൾ പുനഃസ്ഥാപിക്കുന്നു. ഗാസയിൽ ആശയവിനിമയ സേവനങ്ങൾ നൽകുന്ന പാൽടെൽ ഗ്രൂപ്പ് ലാൻഡ്‌ലൈൻ, മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ ക്രമേണ പുനഃസ്ഥാപിക്കുകയാണെന്ന് പറഞ്ഞു.

വെല്ലുവിളി നിറ‌ഞ്ഞ സാഹചര്യമാണെന്നും ആശയവിനിമയ സംവിധാനങ്ങൾ പുനഃസ്ഥാപിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ടെലികോം കമ്പനി അറിയിച്ചു.

വെള്ളിയാഴ്ചയുണ്ടായ ഇസ്രയേൽ വ്യോമാക്രമണത്തെത്തുടർന്ന് ഗാസയിൽ ഏകദേശം 36 മണിക്കൂറോളം ആശയവിനിമയം തടസ്സപ്പെട്ടിരുന്നു. കമ്മ്യൂണിക്കേഷൻ ലൈനുകളും ടവറുകളും തകർന്നതായി പലസ്തീൻ ടെലികോം ദാതാക്കൾ സ്ഥിരീകരിച്ചു. പോരാട്ടം കനക്കുന്ന ​ഗാസയിൽ സ്ഥിതി​ഗതികൾ കൂടുതൽ സങ്കീർണമാക്കിക്കൊണ്ടുള്ള തുടർച്ചയായ വ്യോമാക്രണമാണ് ഇന്റർനെറ്റ് സേവനമടക്കമുള്ള സംവിധാനങ്ങളുടെ തകർച്ചയിലേക്കെത്തിച്ചത്. മുനമ്പിൽ ആശയവിനിമയം നഷ്ടപ്പെടുന്നതോടെ യുദ്ധക്കുറ്റങ്ങളടക്കം മറയ്ക്കുന്നതിന് ഇടയാക്കുമെന്ന് ആംനസ്റ്റി ഇന്റർനാഷണലും ഹ്യൂമൻ റൈറ്റ്‌സ് വാച്ചും ഉൾപ്പെടെയുള്ള സംഘടനകൾ മുന്നറിയിപ്പ് നൽകിയിരുന്നു.

അതേസമയം ഗാസയിലെ അന്താരാഷ്ട്ര അംഗീകൃത സഹായ സംഘടനകൾക്ക് സ്റ്റാർലിങ്ക് സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനം വാഗ്ദാനം ചെയ്യുമെന്ന് ഇലോൺ മസ്‌ക് ​പറഞ്ഞതും ഇസ്രായേലിന്റെ പ്രതിഷേധത്തിന് കാരണമായി. ഇങ്ങനെ സഹായം നൽകുന്നത് ഹമാസ് തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുമെന്നായിരുന്നു ഇസ്രയേൽ കമ്മ്യൂണിക്കേഷൻ മന്ത്രി ഷ്ലോമോ കാർഹിയുടെ പ്രതികരണം.

You may have missed

error: Content is protected !!