ഒളവറ രജനി വധക്കേസ്; പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ

കാസർഗോഡ് ഒളവറ രജനി വധക്കേസിൽ ഒന്നാം പ്രതി കണിച്ചിറ സ്വദേശി സതീശന് ജീവപര്യന്തം തടവ് ശിക്ഷ. രണ്ടാം പ്രതി മാഹി സ്വദേശി ബെന്നിക്ക് അഞ്ച് വർഷം തടവ് ശിക്ഷയും കോടതി വിധിച്ചു. കാസർഗോഡ് അഡീഷൽ ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ഒന്നാം പ്രതിക്കെതിരെ കൊലപാതകം, തെളിവ് നശിപ്പിക്കൽ, രണ്ടാം പ്രതിക്കെതിരെ തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്. ഇരുവരും ഒരു ലക്ഷം രൂപ പിഴയുമടയ്ക്കണം.

2014 സെപ്റ്റംബർ 12നാണ് ഒളവറ സ്വദേശി രജനിയെ കൊന്ന് കുഴിച്ചുമൂടിയത്. 2014 സെപ്റ്റംബർ 9 മുതൽ മകൾ രജനിയെ കാണാനില്ലെന്ന് പിതാവ് കണ്ണൻ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് രജനിയുടെ മൊബൈൽ ഫോൺ വിവരങ്ങൾ പരിശോധിച്ചതാണ് വഴിത്തിരിവായത്. രജനിയോടൊപ്പം ചെറുവത്തൂർ ബസ് സ്റ്റാൻഡിന് സമീപം ഹോം നഴ്‌സിംഗ് സ്ഥാപനം നടത്തുകയും രാത്രി അവിടെ താമസിക്കുകയും ചെയ്തിരുന്ന സതീശനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

2014 സെപ്റ്റംബർ 11ന് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. 12ന് പുലർച്ചെ 3ന് രജനി സതീശന്റെ മർദനമേറ്റ് അബോധാവസ്ഥയിൽ താഴെ വീണു. പിന്നാലെ രജനിയെ ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു. തുടർന്ന് സതീശനും സുഹൃത്ത് ബെന്നിയും ചേർന്ന് സതീശൻ താമസിച്ചിരുന്ന വീടിന് സമീപത്തെ കാട്ടിലെത്തിച്ച് മൃതദേഹം കുഴിച്ചുമൂടുകയായിരുന്നു. കേസിൽ അന്നത്തെ നീലേശ്വരം സി.ഐ ആയിരുന്ന യു.പ്രേമനാണ് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.

error: Content is protected !!