വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

 17 സ്‌കൂളുകളിൽ കൂടി സ്‌കൂഫേ പദ്ധതി; 36.50 ലക്ഷം രൂപ അനുവദിച്ചു

ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബശ്രീമിഷൻ മുഖേന നടപ്പിലാക്കുന്ന കഫേ അറ്റ് സ്‌കൂൾ സ്‌കൂഫേ പദ്ധതി 17 സ്‌കൂളുകളിൽ കൂടി നടപ്പിലാക്കും. ഇതിനായി 36.50 ലക്ഷം രൂപ അനുവദിക്കുന്നതിന് ജില്ലാ പഞ്ചായത്ത് യോഗം അംഗീകാരം നൽകി. പദ്ധതിക്കായി മുറി സൗകര്യമില്ലാത്ത ജിഎച്ച്എസ്എസ് ശ്രീപുരം, ഉദയഗിരി, ജിഎച്ച്എസ്എസ് ചിറ്റാരിപ്പറമ്പ, എംഎഎസ്എസ് ജിഎച്ച്എസ്എസ് എട്ടിക്കുളം, ജിഎച്ച്എസ് രയരോം, സിഎച്ച്എംകെഎസ് ജിഎച്ച്എസ്എസ് മാട്ടൂൽ, സിഎച്ച്എംഎം എച്ച്എസ്എസ് തില്ലങ്കേരി, എകെജിഎം ജിഎച്ച്എസ്എസ് പെരളശ്ശേരി, എടയന്നൂർ എച്ച്എസ് ആൻഡ് വിഎച്ച്എസ്ഇ ബ്ലോക്ക്, ജിഎച്ച്എസ്എസ് ഫോർ ബോയ്‌സ് ചെറുകുന്ന്, ജിഎച്ച്എസ്എസ് ഫോർ ഗേൾസ് ചെറുകുന്ന്, ജിഎച്ച്എസ്എസ് കൊയ്യം, ജിഎച്ച്എസ്എസ് ചുഴലി, സിഎച്ച്എംഎസ് ജിഎച്ച്എസ്എസ് വളപട്ടണം, ജിഎച്ച്എസ്എസ് പാല എന്നീ 14 സ്‌കൂളുകൾക്ക് രണ്ടര ലക്ഷം രൂപ വീതവും മുറി സൗകര്യമുള്ള ജിഎച്ച്എസ്എസ് ചെറുതാഴം, നിർമ്മല എച്ച്എസ്എസ് ചെമ്പേരി, ഇഎംഎസ്എസ് ജിഎച്ച്എസ്എസ് പാപ്പിനിശ്ശേരി എന്നിവയ്ക്ക് 50,000 രൂപ വീതവുമാണ് അനുവദിച്ചത്.

വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന, പട്ടികജാതിയിൽപ്പെട്ടവർക്ക് സൈന്യത്തിൽ ചേരുന്നതിന് പ്രീറിക്രൂട്ട്‌മെൻറ് പദ്ധതിക്കായി പരിശീലന ഏജൻസിയെ തെരഞ്ഞെടുക്കാൻ ടെണ്ടർ ക്ഷണിക്കും. ജില്ലാ പട്ടികജാതി വികസന ഓഫീസറാണ് പദ്ധതി നിർവഹണ ഓഫീസർ. ജില്ലാ പഞ്ചായത്ത് വികസന ഫണ്ട് 9.90 ലക്ഷം രൂപ വകയിരുത്തി നടപ്പിലാക്കുന്ന ഭിന്നശേഷിക്കാർക്ക് പ്രീവൊക്കേഷനൽ ട്രെയ്‌നിംഗ് പദ്ധതിയുടെ പരിശീലന സ്ഥാപനമായി കമ്യൂണിറ്റി ഡിസെബിലിറ്റി മാനേജ്‌മെൻറ് ആൻഡ് റീഹാബിലിറ്റേഷൻ പ്രോഗ്രാം എന്ന സ്ഥാപനത്തെ തീരുമാനിച്ചു. ജില്ലാ സാമൂഹ്യനീതി ഓഫീസറാണ് പദ്ധതി നിർവഹണ ഓഫീസർ.
ജില്ലാ പഞ്ചായത്തിന്റെ 24 ഡിവിഷനുകളിലും മെംബർമാരുടെ നേതൃത്വത്തിൽ പദ്ധതി പ്രവർത്തന പുരോഗതി അവലോകനം ചെയ്യാൻ യോഗം വിളിച്ചുചേർക്കാൻ പ്രസിഡൻറ് നിർദേശിച്ചു.
യോഗത്തിൽ പ്രസിഡൻറ് പി പി ദിവ്യ അധ്യക്ഷയായി. വൈസ് പ്രസിഡൻറ് അഡ്വ. ബിനോയ് കുര്യൻ, സ്ഥിരം സമിതി ചെയർപേഴ്‌സൻമാരായ വി കെ സുരേഷ് ബാബു, യു പി ശോഭ, അഡ്വ. കെ കെ രത്‌നകുമാരി, സെക്രട്ടറി എ വി അബ്ദുലത്തീഫ്, മെംബർമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറുമാർ, നിർവഹണ ഓഫീസർമാർ എന്നിവർ സംബന്ധിച്ചു.

മട്ടന്നൂരിന്റെ ആരോഗ്യ മേഖലക്ക് കരുത്തേകാൻ മൂന്ന് വെൽനെസ് സെന്ററുകൾ

മട്ടന്നൂർ നഗരസഭയുടെ ആരോഗ്യ മേഖലക്ക് കരുത്ത് പകരാനായി മൂന്ന് അർബൻ ഹെൽത്ത് ആന്റ് വെൽനസ് സെന്ററുകൾ ഒരുങ്ങി. നഗരസഭയിലെ കല്ലൂർ, ഉരുവച്ചാൽ, വെമ്പടി എന്നിവിടങ്ങളിലാണ് സെന്ററുകൾ പ്രവർത്തനം ആരംഭിക്കുന്നത്. ഓരോ സെന്ററിനും 75 ലക്ഷം രൂപ വീതം ധനകാര്യ കമ്മീഷന്റെ ഹെൽത്ത് ഗ്രാന്റ് വിനിയോഗിച്ചാണ് സെന്ററുകൾ ഒരുക്കിയത്.
നഗരസഭ സാമൂഹികാരോഗ്യ കേന്ദ്രത്തിന് കീഴിലാണ് ഇവ പ്രവർത്തിക്കുക. ഒന്ന് വീതം ഡോക്ടർ, സ്റ്റാഫ് നേഴ്സ്, അറ്റന്റർ, ഫാർമസിസ്റ്റ്, മൾട്ടിപർപസ് വർക്കർ എന്നിങ്ങനെ അഞ്ച് ജീവനക്കാരാണ് ഓരോ സെന്ററിലും ഉള്ളത്. ഒ പി ചികിത്സയും മരുന്നും സൗജന്യമാണ്. ഉച്ചക്ക് ഒരു മണി മുതൽ വൈകിട്ട് ഏഴ് മണി വരെയാണ് ഒ പി സമയം. ഇതിന് പുറമെ ഔട്ട്റീച്ച് ക്യാമ്പുകൾ, ആരോഗ്യ ബോധവത്കരണ പരിപാടികൾ തുടങ്ങിയവയും സംഘടിപ്പിക്കും. ഇ-സഞ്ജീവനി ടെലിമെഡിസിൻ കൺസൾട്ടേഷൻ സൗകര്യം വഴി സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനവും ലഭ്യമാക്കും. ആഴ്ചയിൽ ഒരിക്കൽ സ്പെഷ്യലിസ്റ്റ് ഡോക്ടർ നേരിട്ടെത്തി പരിശോധന നടത്തുന്ന പോളിക്ലിനിക്ക് ഒരുക്കാനുള്ള ആലോചനയുമുണ്ട്. കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ മുഖേനയാണ് ആവശ്യമായ മരുന്നുകളും ഉപകരണങ്ങളും ലഭ്യമാക്കുന്നത്.
നിർമ്മാണ പ്രവർത്തനങ്ങളും അറ്റകുറ്റപ്പണികളും മുനിസിപ്പൽ എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ മേൽനോട്ടത്തിലും ജീവനക്കാരെ നിയമിക്കൽ, ആവശ്യമായ ഫർണിച്ചർ, അനുബന്ധ ഉപകരണങ്ങൾ വാങ്ങൽ തുടങ്ങിയവ മുനിസിപ്പൽ സെക്രട്ടറിയുടെ മേൽനോട്ടത്തിലുമാണ് നടത്തിയത്.
കല്ലൂരിലെ സെന്ററിന്റെ ഉദ്ഘാടനം സെപ്റ്റംബർ 15 വെള്ളിയാഴ്ച വൈകീട്ട് മൂന്ന് മണിക്ക് കെ കെ ശൈലജ ടീച്ചർ എം എൽ എ നിർവഹിക്കും. ഈമാസം തന്നെ ബാക്കിയുള്ള രണ്ടു സെന്ററുകളും പ്രവർത്തനം തുടങ്ങാനാണ് തീരുമാനമെന്ന് നഗരസഭാ ചെയർമാൻ എൻ ഷാജിത്ത് മാസ്റ്റർ പറഞ്ഞു.

വിവരാവകാശ കമ്മിഷൻ തെളിവെടുപ്പ് 15ന്

സംസ്ഥാന വിവരാവകാശ കമ്മിഷൻ സെപ്റ്റംബർ 15 വെള്ളിയാഴ്ച (15.09.23) കണ്ണൂർ ജില്ലയിൽ തെളിവെടുപ്പ് നടത്തും. സംസ്ഥാന വിവരാവകാശ കമ്മീഷണർമാരായ എ എ ഹക്കിം, കെ എം ദിലീപ് എന്നിവരുടെ നേതൃത്വത്തിൽ ഉച്ച 2.30 ന് കലക്ടറേറ്റിൽ തെളിവെടുപ്പ് ആരംഭിക്കും. നോട്ടീസ് ലഭിച്ചവർ 2.15 ന് രജിസ്ട്രേഷന് ഹാജരാകണം. തെളിവെടുപ്പിന് വരുന്നവർ മാസ്‌ക് ധരിക്കണമെന്നും അകലം പാലിക്കണമെന്നും സെക്രട്ടറി അറിയിച്ചു.

എം എസ് സി സീറ്റൊഴിവ്

തലശേരി ഗവ. കോളജിൽ എം എസ് സി കമ്പ്യൂട്ടർ സയൻസ് വിത്ത് സ്‌പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോഴ്‌സിൽ എസ് സി, എസ് ടി, ഇഡബ്ല്യുഎസ് ക്വാട്ടകളിൽ സീറ്റൊഴിവ്.  താൽപര്യമുള്ളവർ സെപ്റ്റംബർ 18നകം കോളജിൽ അപേക്ഷ നൽകണം. ഫോൺ: 0490 2966800, 9188900210.

സീറ്റൊഴിവ്

കെൽട്രോണിന്റെ തലശ്ശേരി നോളജ് സെന്ററിൽ പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഡിജിറ്റൽ ഫിലിം മേക്കിങ്, ഡി സി എ എന്നീ കോഴ്‌സുകളിൽ സീറ്റൊഴിവ്്. താൽപര്യമുള്ളവർ കെൽട്രോൺ നോളജ് സെന്റർ, സഹാറ സെന്റർ, എ വി കെ നായർ റോഡ്, തലശ്ശേരി എന്ന മേൽവിലാസത്തിൽ ബന്ധപ്പെടുക. ഫോൺ: 04902 321888, 9400096100.

ഓൺലൈൻ പരിശീലനം

സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ ഫിനിഷിങ് സ്‌കൂളായ റീച്ചിൽ എൻ എസ് ഡി സി അംഗീകൃത കോഴ്‌സുകളായ പൈത്തൺ പ്രോഗ്രാമിങ്, ഡാറ്റാ സയൻസ് ക്ലാസുകൾ തുടങ്ങുന്നു. പ്ലസ്ടു, ഡിഗ്രി യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. അവസാന തീയതി സെപ്റ്റംബർ 25. ഫോൺ: 0471 2365445, 9496015002. വെബ്‌സൈറ്റ്: www.reach.org.in.

സീനിയർ റസിഡന്റ് നിയമനം

സർക്കാർ മെഡിക്കൽ കോളേജുകളിലെ സീനിയർ റസിഡന്റ് താൽക്കാലിക ഒഴിവിലേക്ക് പരിഗണിക്കപ്പെടാൻ താൽപര്യമുള്ള എം ബി ബി എസ് ബിരുദവും എം ഡി/എം എസ്/ഡി എൻ ബി ബിരുദാനന്തര യോഗ്യതയും കൗൺസിൽ രജിസ്‌ട്രേഷനുമുള്ള ഉദ്യോഗാർഥികൾ സെപ്റ്റംബർ 20ന് മുമ്പായി ബന്ധപ്പെട്ട പ്രൊഫഷണൽ ആന്റ് എക്‌സിക്യൂട്ടീവ്  എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. പ്രായം: 2023 ജനുവരി ഒന്നിന് 50 വയസ് പൂർത്തിയാകരുത്.

പഠനമുറി നിർമിക്കുന്നതിന് ധനസഹായം

പട്ടികജാതി വിഭാഗം വിദ്യാർഥികൾക്ക് പഠനമുറി നിർമിക്കുന്നതിന് രണ്ട് ലക്ഷം രൂപ അനുവദിക്കുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സർക്കാർ, എയ്ഡഡ്, സ്‌പെഷ്യൽ ടെക്‌നിക്കൽ/ കേന്ദ്രീയ വിദ്യാലയങ്ങളിൽ അഞ്ച് മുതൽ 12 വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന, 800 ചതുരശ്ര അടിയിൽ  താഴെ വിസ്തീർണമുള്ള വീടുകളിൽ താമസിക്കുന്ന പട്ടികജാതി വിഭാഗത്തിലെ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപ. ബന്ധപ്പെട്ട ബ്ലോക്ക്/ മുനിസിപ്പാലിറ്റി/ കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകളിൽ സെപ്റ്റംബർ 30 വരെ അപേക്ഷ സമർപ്പിക്കാം. അപേക്ഷാ ഫോറവും വിശദ വിവരങ്ങളും ബ്ലോക്ക്/ മുനിസിപ്പാലിറ്റി/ കോർപ്പറേഷൻ, ജില്ലാ പട്ടികജാതി ഓഫീസുകളിൽ ലഭിക്കും.  ഫോൺ: 0497 2700596.

അക്കൗണ്ടിങ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കെൽട്രോണിന്റെ തളിപ്പറമ്പ് നോളജ് സെന്ററിൽ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ്, ഡിപ്ലോമ ഇൻ ഓഫീസ് അക്കൗണ്ടിങ്, പ്രൊഫഷണൽ ഡിപ്ലോമ ഇൻ അക്കൗണ്ടിങ്, ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ് വിത്ത് സെപ്ഷ്യലൈസേഷൻ ഇൻ ഇന്ത്യൻ ആന്റ് ഫോറിൻ അക്കൗണ്ടിങ് എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ: 0460 2205474, 2954252, 8075294794.

ടീച്ചേഴ്‌സ് ട്രെയിനിങ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

കെൽട്രോണിന്റെ തളിപ്പറമ്പ് നോളജ് സെന്ററിൽ പ്രൊഫഷണൽ ഡിപ്ലോമ ഇൻ പ്രീ സ്‌കൂൾ ടീച്ചർ ട്രെയിനിങ്, ഡിപ്ലോമ ഇൻ മോണ്ടിസ്സോറി ടീച്ചർ ട്രെയിനിങ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.   ഫോൺ: 0460 2205474, 2954252, 9072592458.

ടെണ്ടർ

കൂത്തുപറമ്പ്  അഡീഷണൽ ശിശുവികസന പദ്ധതി ഓഫീസറുടെ കാര്യാലയത്തിലേക്ക് ഏഴ് വർഷത്തിൽ താഴെ പഴക്കമുള്ള ടാക്‌സി പെർമിറ്റുള്ള വാഹനത്തിന് വാഹന ഉടമകളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. സെപ്റ്റംബർ 29ന് വൈകിട്ട് മൂന്ന് മണി വരെ ടെണ്ടർ സ്വീകരിക്കും. ഫോൺ: 0490 2463442.

ക്വട്ടേഷൻ

ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള കോളയാട് ഗ്രാമപഞ്ചായത്തിലെ വേക്കളം ഗവ. യു പി സ്‌കൂളിന് സമീപം മുറിച്ചിട്ട പയ്യാനി മരം കൊണ്ടുപോകുന്നതിനുള്ള അവകാശത്തിന് ക്വട്ടേഷൻ ക്ഷണിച്ചു. സെപ്റ്റംബർ 19ന് വൈകിട്ട് മൂന്ന് മണി വരെ ക്വട്ടേഷൻ സ്വീകരിക്കും.

ക്വട്ടേഷൻ

കണ്ണൂർ ഗവ.എഞ്ചിനീയറിങ് കോളേജിലെ ഹോസ്റ്റലിലേക്ക് വാട്ടർ ഡിസ്‌പെൻസേഴ്‌സ് ഉറപ്പിക്കുന്ന ജോലി ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. സെപ്റ്റംബർ 28ന് രാവിലെ 11 മണി വരെ ക്വട്ടേഷൻ സ്വീകരിക്കും.  ഫോൺ: 0497 2780225

പ്രീ ബിഡ് യോഗം

ജില്ലയിൽ ടൂറിസം സംരംഭകരാകാൻ താൽപര്യമുള്ളവർക്കായി പ്രീ ബിഡ് യോഗം സെപ്റ്റംബർ 16ന് നടക്കും. കൂത്തുപറമ്പ് ഈവനിങ് പാർക്കിൽ രാവിലെ 10.30നും വൈകീട്ട് മൂന്ന് മണിക്കും, ധർമടം ടൂറിസം സെന്ററിൽ വൈകീട്ട് 4.30നും യോഗം നടക്കുമെന്ന് ഡിടിപിസി സെക്രട്ടറി അറിയിച്ചു. ഫോൺ: 0497 2706336

error: Content is protected !!